നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നപടിക്കെതിരെ നൽകിയ കേസ് മാറ്റി. കേരളം നൽകിയ റിട്ട് ഹർജി ഇനി സുപ്രീം കോടതി അടുത്ത ബുധനാഴ്ചയാവും പരിഗണിക്കുക.
എന്നാൽ ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ കേസിലെ സുപ്രീം കോടതി ഉത്തരവ് സുപ്രീം കോടതി സൂചിപ്പിച്ചു. ഇത് വായിച്ച ശേഷം പരിഗണനയിലിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച നിലപാട് അറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചു.
ഹിൻഡൻബർഗ് അദാനി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കൽ നീണ്ടു പോയ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. വൈകിയ കാരണം സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് കേരളത്തിൻ്റെ ഹർജി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
പഞ്ചാബിൻ്റെ വിധി പഠിക്കൂ, തീരുമാനിക്കൂ….
ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ബാൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ പുറപ്പടിവിച്ച ഉത്തരവിന്റെ പകർപ്പ് ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആ ഉത്തരവ് കേരള ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നൽകി. ഉത്തരവ് വായിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണയിലിരിക്കുന്ന ബില്ലുകളിലെ തീരുമാനം ബുധനാഴ്ച്ച അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
ബില്ലുകൾ സംബന്ധിച്ച് കേരള ഗവർണറും, സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയിൽ അഭിപ്രയാപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും ഗവർണറുമായി ഈ വിഷയം നിരവധി തവണ ചർച്ച ചെയ്തതിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ .കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. അറ്റോർണി ജനറലിനേയും മുൻ അറ്റോർണി ജനറലിനേയും പോലുള്ളവർ ഇടപെട്ട് ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഉം നിരീക്ഷിച്ചു.
പഞ്ചാബ് വിധിയിലെ പ്രസക്ത ഭാഗം
ഗവർണർ ഒരു സംസ്ഥാനത്തിന്‍റെ പ്രതീകാത്മക തലവൻ മാത്രമാണ്. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. സഭയുടെ നിയമ നിർമ്മാണ അധികാരത്തെ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമനിർമ്മാണം തടസപ്പെടുത്താൻ കഴിയില്ല. ജനപ്രതിനിധികൾക്കാണ് യഥാർത്ഥ അധികാരം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.
നിയമസഭ പാസ്സാക്കിയ 8 ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഈ 8 ബില്ലുകൾക്ക് പുറമെ മറ്റ് 8 ബില്ലുകൾ കൂടി ഗവർണറുടെ തീരുമാനം കാത്ത് രാജ്ഭവനിൽ കിടക്കുകയാണെന്ന് കെ.കെ വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ പരാമർശിക്കാത്ത എട്ട് ബില്ലുകളുടെ പട്ടിക സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിക്ക് കൈമാറി.
സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി, സീനിയർ ഗവർന്മെന്റ് പ്ലീഡർ വി. മനു എന്നിവരും ഹാജരായി.