ഓർക്കാപ്പുറത്ത് വന്നെത്തിയ സ്ഥാന ലബ്ദിയുടെ കിടുക്കത്തിലാണ് സുരേഷ് ഗോപിയും അനുയായികളും. സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് വാർത്ത പരത്തുമ്പോൾ ഇനിയും തീരുമാനം എടുക്കാനാവാത്ത ഷോക്ക് പ്രകടം. ഒരു മുന്നറിയിപ്പും നൽകാതെയാണ് അധ്യക്ഷനാക്കിയത്. ടി വിയിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് വാർത്ത നടൻ അറിഞ്ഞത് തന്നെ.
അപ്പോഴേക്കും കേരള രാഷ്ട്രീയത്തിൽ പുതിയ പടവുകൾ വെക്കുന്നതിനുള്ള ഒരുക്കം തകൃതിയായിരുന്നു. സുരേഷ് ഗോപി അമർഷത്തിൽ ആണെന്ന് അടുത്ത വൃത്തങ്ങളെ മാധ്യമങ്ങൾ ഉദ്ദരിക്കുന്നുണ്ട്. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്ന കാര്യത്തിൽ സംശയമില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ പദവി ഭാരിച്ചതാണ്. കൊൽക്കത്തയാണ് ആസ്ഥാനം.
മലയാളത്തിലെ നായക പ്രധാന സിനിമയിലെ ഓളത്തിൽ കൈകാര്യം ചെയ്യാവുന്നതല്ല. ഇത്തിരി കൂടി ആഴത്തിലുള്ള രാഷ്ട്രീയവും കടന്നു വരും. 2024 ൽ തൃശൂരിൽ അടുത്ത ഊഴം കാത്തിരുന്ന് കരുക്കൾ നീക്കുമ്പോൾ ഇതിനൊന്നും നിൽക്കാൻ കഴിഞ്ഞു എന്നും വരില്ല. എങ്കിൽ തൃശൂരിലെ സീറ്റിൽ മറ്റ് ആരോ കണ്ണ് വെച്ചുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നാക്കുപിഴയാണ് സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലെ നായകത്വം നഷ്ടമാക്കിയത്. പറയുന്നത് പലപ്പോഴും തലതിരിഞ്ഞ ഫലം ചെയ്യുന്നു. ട്രോളുകളിലും നായക പദവി ലഭിക്കുന്നു. കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിൻ്റെ സ്റ്റാർഡം പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യം വെച്ചിരുന്നു എങ്കിലും കേരളത്തിൽ രാഷ്ട്രീയം മുന്നേറുന്നത് മറ്റ് വഴികളിലാണ് എന്ന പ്രശ്നം ഇപ്പോൾ അവർക്കു മുന്നിലും തെളിഞ്ഞ് വരികയാണ്. പക്ഷെ ഇതിനിടയിൽ സുരേഷ് ഗോപി ഒട്ടേറെ മുന്നേറിയിന്നു. അതിനെയാണ് ചെയർമാൻ കസേരയിൽ ഇരുത്തി മരവിപ്പിക്കുന്നത്.
ഉത്തരവ്
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൊസൈറ്റി & ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനമാകും സുരേഷ് ഗോപി വഹിക്കുകയെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതാണ് സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1995 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രവര്‍ത്തനം.
കരുവന്നൂർ കയ്യിൽ വന്ന സമയം
ഒക്ടോബർ 2നാണ് കരുവന്നൂരില്‍ പദയാത്ര നടക്കുക. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും. കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
സിനിമകളിലും ഒരുക്കം
ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒടുങ്ങുന്ന ചിത്രം. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ വര്‍മയാണ് ഗരുഡന്‍റെ സംവിധാനം. ‘ജെ.എസ്.കെ’ എന്ന മറ്റൊരു ചിത്രവും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രവീണ്‍ നാരായണൻ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം.
SRFTI വിദ്യാർഥി യൂണിയൻ പറയുന്നു, വരേണ്ട
സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.

പ്രസ്താവന
25 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആര്‍എഫ്ടിഐ. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പാരമ്പര്യം പേറുന്ന സ്ഥാപനം. സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. വൈവിധ്യമാര്‍ന്ന ശബ്ദങ്ങളും ആശങ്ങളും കൊണ്ട് സമ്പന്നാണ് ഈ സ്ഥാപനം. അത്തരമൊരിടം നിലനിന്നു പോകാന്‍ കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങള്‍ അനിവാര്യമാണ്.
എന്നാല്‍, സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദ്ദേശം ആശങ്കാജനകമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവുമാണ്. രാജ്യത്തിന്റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ധ്രുവീകരണ പ്രസ്താവനകള്‍ നടത്തിയയാൾ
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ തലപ്പത്തു വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യലാകും. സര്‍ഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംഭാഷണത്തിനും വേണ്ടിയുള്ള ഒരു സങ്കേതമാണ് എസ്ആര്‍എഫ്ടിഐ. ഈ സ്ഥാപനത്തിന്റെ തലവന്‍ ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയങ്ങള്‍ പക്ഷപാതമോ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം. സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആശങ്കാകുലരാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കലാപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ ഇത്തരം നിയമനങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍, സ്ഥാപനത്തിന്റെ പ്രശസ്തിയും കലാപരമായ മികവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയാകണം അധ്യക്ഷനെന്നും പ്രസ്താവനയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.