പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചത് ലോകത്തിനും ജനങ്ങൾക്കും മുന്നിൽ നാണക്കേടായെന്ന് താലിബാന്‍റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്. കാബൂളില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന അഫ്ഗാന്‍ ന്യൂസ് ചാനലായ ടോളോ ന്യൂസ് ആണ് പ്രസ്താവന പുറത്ത് വിട്ടത്.
വിദ്യാഭ്യാസമില്ലാത്ത സമൂഹം ഇരുളടഞ്ഞതാവും
പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6-ന് ശേഷമുള്ള ക്ലാസുകള്‍ പുനരാരംഭിക്കണം. വിദ്യാഭ്യാസമില്ലാത്ത സമൂഹം ഇരുളടഞ്ഞതാണെന്നും ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു.
“വിദ്യാഭ്യാസം നേടുക എന്നത് ഓരോരുത്തരുടേയും അവകാശമാണ്. ഓരോത്തര്‍ക്കും പ്രകൃത്യാ ലഭിക്കുന്ന അവകാശമാണത്. ആ അവകാശത്തെ മറ്റൊരാള്‍ക്ക് എത്തരത്തിലാണ് നിഷേധിക്കാനാകുക? ആ അവകാശത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കില്‍ അത് അഫ്ഗാനിസ്താനിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് സമാനമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാതായനങ്ങള്‍ എല്ലാവര്‍ക്കുമായി വീണ്ടും തുറക്കാന്‍ ശ്രമിക്കൂ. നമ്മുടെ അയല്‍രാജ്യങ്ങളും ലോകരാഷ്ട്രങ്ങളുമായി നമുക്കുള്ള ഏക പ്രശ്‌നമെന്നത് വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ളതാണ്. രാജ്യവും ജനങ്ങളും നമ്മളില്‍നിന്ന് അകലുന്നതും വെറുക്കുന്നതും വിദ്യാഭ്യാസത്തെ പ്രതിയാണ്”, സ്റ്റാനിക്‌സായ് പറഞ്ഞു.
മതവിദ്യാഭ്യാസത്തിനും നിലവാരമില്ല
രാജ്യത്തെ മതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന അധ്യായനത്തിന് മതിയായ നിലവാരമില്ലെന്ന് താലിബാന്‍ നിയുക്ത വിദ്യാഭ്യാസമന്ത്രി ഹബീബുള്ള ആഘ അടുത്തിടെ വിമര്‍ശനമുന്നയിച്ചത് ചർച്ചയായിരുന്നു. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനുള്ള നടപടികളില്‍ ശ്രദ്ധ ചെലുത്തണമെന്ന് താലിബാനോടും മതപണ്ഡിതന്‍മാരോടും ആഘ ആവശ്യപ്പെടുകയും ചെയ്തു.
താലിബാന്റെ മിനിസ്ട്രി ഓഫ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ട്രൈബല്‍ അഫയേഴ്‌സാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു ചടങ്ങ്.
വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായ വിദൂര മേഖലകളിലെ യുവാക്കള്‍ ഇതിനോടകം സ്‌കൂളുകളില്‍ പ്രവേശനം നേടിയതായി താലിബാന്‍ നിയുക്ത ബോര്‍ഡേഴ്‌സ് ആന്‍ഡ് ട്രൈബല്‍ അഫയേഴ്‌സ് മന്ത്രി നൂറുള്ള നൂറി പറഞ്ഞു. മതപരമായ വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും തമ്മില്‍ ഒരുതരത്തിലുള്ള അന്തരമില്ലെന്നും നൂറുള്ള നൂറി അവകാശപ്പെട്ടു. “അന്തരമുണ്ടെന്നുള്ള ആരോപണം വാസ്തവമല്ല. ഇസ്ലാമിക് എമിറേറ്റിന്റെ ഭരണത്തിൻകീഴില്‍ വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട്. മുന്‍കാലത്ത് അത്തരത്തിലരു സംവിധാനമുണ്ടായിരുന്നില്ല”, നൂറുള്ള നൂറി പറഞ്ഞു.
താലിബാന്‍ അധികാരത്തിലെത്തിയതിനുപിന്നാലെ അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6 വരെയുള്ള വിദ്യാഭ്യാസത്തിനുമാത്രമാണ് അനുമതി.