Friday, February 20, 2026

തമിഴ് നാട്ടിൽ മുഖ്യമന്ത്രി അറിയാതെ മന്ത്രിയെ ഗവർണർ പുറത്താക്കി, വിമർശനം ഉയർന്നതോടെ ഉത്തരവ് റദ്ദാക്കി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയിഡിന് പിന്നാലെ അറസ്റ്റ് ചെയ്ത വി. സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായ തീരുമാന പ്രകാരം മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍. രവിയുടെ അപൂര്‍വനടപടി വിമർശനങ്ങൾക്ക് പിന്നാലെ സ്വയം തിരുത്തി.

സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് മരവിപ്പിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി അറിയിപ്പ് പുറപ്പെടുവിച്ചു. തീരുമാനം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഗവര്‍ണറുടെ നാടകീയമായ പിന്മാറ്റം. ഉത്തരവ് മരവിപ്പിച്ചതായും അറ്റോർണി ജനറലിന്‌റെ നിയമോപദേശം തേടിയതായും അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആലോചിക്കാതെ സംസ്ഥാന മന്ത്രിയെ ഗവർണർ പുറത്താക്കുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന സെന്തില്‍ ബാലാജി ചികിത്സയിലാണ്.

മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തിൽ സാധാരണമല്ലാത്ത നടപടിയാണ്.

ബാലാജി ഗുരുതര ക്രിമിനല്‍ കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണത്തേയും നീതിവിര്‍വഹണത്തേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.

ഭരണഘടന പ്രകാരം മന്ത്രിമാരെ നേരിട്ട് നിയമിക്കാനും  പുറത്താക്കാനും ​ഗവര്‍ണര്‍ക്ക് അധികാരമില്ലാതിരിക്കെ ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. 

കേന്ദ്രത്തിനും വിനയായി

വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌റെ ഇടപെടലാണ് ഉത്തരവ് മരവിപ്പിക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്താക്കല്‍ ഉത്തരവ് മരവിപ്പിച്ചതോടെ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോര്‍ണി ജനറലിന്‌റെ നിയമോപദേശത്തിന് ശേഷമാകും ഇക്കാര്യത്തില്‍ രാജ്ഭവന്‍ ഇനി തുടര്‍ നടപടി സ്വീകരിക്കുക.

ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടാണ് സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് രാജ്ഭവന്‌റെ വിവാദ ഉത്തരവ് പുറത്തുവരുന്നത്. ജോലിക്ക് കോഴവാങ്ങിയെന്ന കേസി എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍ നടത്തിയത്.

ജൂണ്‍ 14 നാണ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവും സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു അറസ്റ്റ്. സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതിയിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം നടന്ന അറസ്റ്റ് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.

അറസ്റ്റിനു പിന്നാലെ ബാലാജി കൈകാര്യം ചെയ്ത വൈദ്യുതി, എക്സൈസ് അടക്കമുള്ള വകുപ്പുകള്‍ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാർക്ക് കൈമാറിയിരുന്നു. ഇതിന് ​ഗവര്‍ണര്‍ അം​ഗീകാരം നല്‍കി. ബാലാജിയെ വകുപ്പില്ലാമന്ത്രിയായി നിലനിര്‍ത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനോട് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചു. എന്നാല്‍, വകുപ്പില്ലെങ്കിലും ബാലാജി മന്ത്രിയായി തുടരുമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് ഗവർണറുടെ അസാധാരണ നടപടിയുണ്ടായത്. ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് ചോദ്യംചെയ്ത ഹര്‍ജികള്‍ ജൂലൈ ഏഴിന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

അറസ്റ്റും നാടകീയം

തമിഴ്നാട് സെക്രട്ടറിയറ്റില്‍ കടന്നുകയറിയുള്ള റെയ്ഡിനും 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അര്‍ധരാത്രി നാടകീയമായി അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കൊങ്കുദേശ മേഖലയില്‍ സ്വാധീനമുള്ള നേതാവായ ബാലാജി 2018ൽ ഡിഎംകെയിൽ  എത്തിയശേഷമാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജന്‍സികളുടെ നീക്കമുണ്ടായത്. കൊങ്കുദേശ മേഖലയില്‍ കടന്നുകയറാനുള്ള ബിജെപി നീക്കമാണ് ബാലാജിയെ വേട്ടയാടുന്നതിന് പിന്നിലെന്ന വിമര്‍ശം ശക്തമാണ്.

കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ജൂണ്‍ 12ന് ഇ.ഡി. അറസ്റ്റുചെയ്ത സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടങ്കെിലും പിന്നീട് ജൂലായ് 12 വരെ കസ്റ്റഡി നീട്ടി.

അറസ്റ്റിനുപിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഓമന്ദുരാര്‍ ഗവണ്‍മെന്റ് എസ്റ്റേറ്റ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലാജിയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...