Friday, February 20, 2026

രാജഭക്തിയിൽ മുങ്ങി നീരാടി ക്ഷേത്രപ്രവേശന വിളംബര വാർഷികം, വിമർശനം കനത്തതോടെ നൊട്ടീസ് പിൻവലിച്ചു

ചരിത്രത്തിൽ പോലും ഇല്ലാത്ത ഭക്തിയുമായി ഇറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൊട്ടീസ് വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജഭക്തി അശ്ലീലകരമാം വിധം വഴിഞ്ഞ് ഒഴുകിയത് വൻ പ്രതിഷേധത്തിനും ട്രോളുകൾക്കും ഇടയാക്കി. ക്ഷേത്ര പ്രവേശന വിളംബര വാർഷികം അതുമായി ബന്ധമില്ലാത്ത, പ്രവേശനം വിലക്കിയ ടീമിൻ്റെ പ്രകടനമാക്കി ചുരുക്കിയാണ് സംഘടിക്കപ്പെട്ടത് എന്നതും പ്രതിഷേധം കനപ്പിച്ചു.

ഇടപക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ നൊട്ടീസ് ക്ഷേത്ര പ്രവേശനം നിരോധിച്ചവരുടെ വാർഷികമാണ് എന്ന് വിലയിരുത്തലുകൾ ഉണ്ടായി. മനസ്സിൽ അടിഞ്ഞ ജാതി ചിന്ത പെട്ടെന്ന് പോവില്ലെന്ന് പറഞ്ഞ് നോട്ടീസിനെ ദേവസ്വം മന്ത്രി തന്നെയും തള്ളിയതോടെ ബോർഡിന് നിൽക്കകള്ളിയില്ലാതായി.

ദേവസ്വം ബോർഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിൻറെ 87ാം വാർഷിക പരിപാടിയുടെ നോട്ടീസാണ് വിവാദത്തിലായത്. അടിമുടി രാജഭക്തിയാണ് ബോർഡിന്റെ നോട്ടീസിൽ. രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം. അവരെ രാജ ഭരണകാലത്ത് കൊട്ടാരത്തിൽ പോലും കേൾക്കാത്ത രീതിയിൽ വിഷേഷിപ്പിച്ചു. രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും മാറി. ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമർശനം. 

ക്ഷേത്ര പ്രവേശനത്തിനായി പോരാടിയ ദലിത് പ്രവർത്തകരെ അരിഞ്ഞ് തള്ളിയ ദളവാ കുളത്തിൽ ഒരു നീരാട്ട് കൂടി വെക്കാമായിരുന്നു എന്നായിരുന്നു നൊട്ടീസിനെതി ഒരു പ്രതികരണം. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്തഗോപനാണ് ഉദ്ഘാടനം. ഗൌരി പാർവ്വതീഭായി, ഗൌരി ലക്ഷ്മീ ഭായി എന്നീ വനിതകളെ വിളക്കു കൊളുത്തൽ കർമ്മവും ഏല്പിച്ചു. ഇതാണ് കടുത്ത വിമർശനങ്ങൾക്ക് തുടർച്ചയിട്ടത്. മാത്രമല്ല ക്ഷേത്ര പ്രവേശന സ്മാരകം തന്നെ സനാതന ധർമ്മം ഉദ്ബോധിപ്പാനാണെന്ന മട്ടിൽ നൊട്ടീസും അടിച്ചു.

ഇടത് സർക്കാറിന്റെ കീഴിലെ ഇടത് നേതാവുകൂടി പ്രസിഡണ്ടായ ബോ‍ർഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നു എന്ന് വിവിധ മേഖലകളിൽ പ്രതികരണം വന്നു.

പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ അവകാശപ്പെട്ടു. ബോർഡിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ മാത്രം ഇറക്കിയതാണെന്നും വിശദീകരിച്ച് രക്ഷപെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...