കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആമിന മരിച്ചത്. ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായില്‍ സുഹറ (50) തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരണപ്പെട്ടിരുന്നു. സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) അപകട ദിവസംതന്നെ മരണത്തിന് കീഴടങ്ങി.
ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

ഇവരുടെ ഒന്നിച്ചുണ്ടായിരുന്ന കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരക്കണ്ടിയില്‍ ഫിദ (23) എന്നിവര്‍ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്.


