ഇക്കഴിഞ്ഞ ലെജന്ഡസ് ക്രിക്കറ്റ് ലീഗിൽ സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് കണ്ട് അത്ഭുതപ്പെട്ടിരുന്നില്ലേ നമ്മൾ… ഈ അമ്പതാം വയസിലും മട്ട ത്രികോണത്തിന്റെ ആകൃതിയിൽ ബാറ്റ് വീശി സച്ചിൻ പന്ത് ബൗണ്ടറി കടത്തിയിപ്പോൾ ആവേശത്തോടെ കമന്ററി ബോക്സും കാണികളും ആർത്തു വിളിച്ചില്ലേ… അതിൽ അത്ഭുതപ്പെടേണ്ട അതയാളുടെ ഫോം അല്ല ക്ലാസ് ആണ്… ഇനി നൂറാം വയസിൽ ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ക്രീസിൽ എത്തിയാലും അയാളാ ഷോട്ട് അണുവിട തെറ്റാതെ കളിക്കും… കാരണം സച്ചിൻ ഒരു പ്ലെയർ അല്ല ഒരു ലെജൻഡ് ആണ്… ഈ കാര്യം അതേപോലെ മറ്റൊരാളുടെ കാര്യത്തിലും കൃത്യമാണ്… മോഹൻലാലിന്റെ… മലയാളത്തിന്റെ ലാലേട്ടന്റെ… നിങ്ങൾ ഒരു നല്ല തിരക്കഥയിൽ അയാളെ കൊണ്ട് നിർത്തി നോക്കൂ, മറ്റൊരാൾക്കും പകർത്താനാവാത്ത മോഹൻലാൽ മാജിക് സ്ക്രീനിൽ തെളിയും… അതയാളുടെ ഫോം അല്ല ക്ലാസ് ആണ്.
തിണ്ണയ്ക്കിരുന്ന കഞ്ഞി കുടിക്കുന്ന.. ബിവറേജസിൽ ക്യൂ നിൽക്കുന്ന… കാർ കഴുകുന്ന എന്നും മലയാളി കാണാൻ ആഗ്രഹിക്കുന്ന മോഹൻനലാലിനെ… ഏറ്റവും വീര്യമുള്ള ആ വീഞ്ഞിനെ രണ്ടായിരത്തി ഇരുപത്തി അഞ്ചാം ആണ്ടിന്റെ കുപ്പിയിൽ വീര്യം ചോരാതെ ഒഴിച്ചു വച്ച തരുൺ മൂർത്തിയ്ക്കും കെ.ആർ സുനിലിനും അഭിനന്ദനങ്ങൾ.. കൂടെ നന്ദിയും.. പഴയ ലാലേട്ടനെ തിരിച്ചു തന്നതിനല്ല… പുതിയ ലാലേട്ടനെ സ്ക്രീനിൽ എത്തിച്ചതിന്.
കുടുംബത്തിനുള്ളതും ഫാൻസിന് ഉള്ളത് ഒരു കുപ്പിയിലാക്കി കുലുക്കി സർബത്ത് അടിച്ചതിന്. ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച മോഹൻലാൽ സിനിമയാണ് തുടരും. അതി ശക്തമായ തിരക്കഥയും സംവിധാനവും, ജെയ്ക്ക്‌സ് ബിജോയുടെ കിടിലൻ മ്യൂസിക് അങ്ങനെ എല്ലാം കൊണ്ട് മനസ് നിറയ്ക്കുന്ന പടം.
വില്ലൻ ആയ ജോർജ് സാറിനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച നടൻ.. ഗൂഗിളിൽ ഒന്ന് നോക്കിയാൽ ചിലപ്പോ പേര് കിട്ടും.. പക്ഷെ വേണ്ട.. ഇന്നൊരു ദിവസം അയാൾ dysp ജോർജ് സാറായി മനസിൽ നിൽക്കട്ടെ.. മോഹൻലാലിന്റെ കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ സുഹൃത്തേ.. നിങ്ങൾക്ക് മലയാള സിനിമയിൽ ഒരു ഇളകാത്ത കസേര കിട്ടി എന്നാണ് അതിന്റെ അർത്ഥം. നരേന്ദ്രപ്രസാദും എൻ.എഫ് വർഗീസും ഇല്ലാത്ത മലയാളത്തിൽ അവർക്ക് പകരക്കാരനായല്ല ആ ശൂന്യതയ്ക്ക് ചെറിയൊരു ആശ്വാസം ആകാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിഞ്ഞേക്കും.
മലയാളിക്ക് ഉള്ള ഏറ്റവും വലിയ ഗുണം എന്തെന്നാൽ സെൽഫ് ട്രോളുകൾ അവർ ആസ്വദിക്കും.. മോഹൻലാൽ മോഹൻലാൽ സിനിമയിൽ മോഹനൽലാലിനെ കളിയാക്കുന്നത് കണ്ട് അവർ കയ്യടിക്കും എന്ന് ബുദ്ധിമനായ തരുണ് മൂർത്തിയ്ക്ക് അറിയാമായിരുന്നു. വർഷങ്ങളായി ശ്രീനിവാസൻ പയറ്റി വിജയിപ്പിച്ച ആ തന്ത്രം അദ്ദേഹം വൃത്തിക്ക് ചെയ്തു. ബിനു പപ്പുവും ശോഭനയും തുടങ്ങി ചെറിയ റോളിൽ റന്നിക്കാർ ചേട്ടന്മാർ ആയി വസന്നവർ വരെ പൊളിച്ചടുക്കി
വരും ദിവസങ്ങളിൽ തിങ്ങി നിറഞ്ഞ സിനിമശാലകളിൽ അവർ ചിരിക്കും…കരയും..കയ്യടിക്കും… കൊട്ടക മുതലാളിമാർ നിറഞ്ഞു കവിഞ്ഞ മടിശീലയുമായി അവരുടെ രാജാവിനെ സ്തുതിക്കും.. കാന്റീനിൽ ചായയും പോപ്‌കോണും എടുത്ത് ജോലിക്കാരുടെ കൈ കുഴയും… ഒരു മോഹൻലാൽ സിനിമ ഓടുകയെന്നാൽ അതൊരു വ്യവസായത്തെ ആകെ ഉണർത്തുകയാണ്…
സിനിമയുടെ എൻഡ് കാർഡിൽ തരുണ് മൂർത്തിയും സംഘവും എഴുതിയ പോലെ…
മോഹൻലാൽ (മാജിക്) തുടരും…