തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. പിന്നീട് പദ്ധതി മാറ്റി. മുറ്റത്ത് കുഴിച്ചിട്ട് പി സാൻ്റും മെറ്റലും നിരത്തി. അവിടെ കുളിമുറി പണിയാനും പദ്ധതിയിട്ടു.
സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു പോലീസിനോട് വെളിപ്പെടുത്തി. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകൾ വരെ
തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമാണ് സുജിത. നേരത്തെ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കൈക്കലാക്കിയതായും വിവരമുണ്ട്.
പഞ്ചായത്ത് ഓഫീസിന് ഇരുന്നൂറുമീറ്ററോളം അടുത്താണ് വിഷ്ണുവിന്റെ വീട്.സുഹൃത്തായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി തന്നെ പ്രതി കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം കുഴിച്ചിടാനായി വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരും സഹായിച്ചതായാണ് വിവരം. ഇവരും പോലീസിന്റെ കസ്റ്റഡിയിലാണ്.
മുകളില്‍ കോഴിക്കൂടും സ്ഥാപിച്ചു
സുജിതയുടെ മൃതദേഹം കുഴിച്ചിട്ട് മെറ്റല്‍നിരത്തിയ ശേഷം അതിന് മുകളിലായി കോഴിക്കൂടും സ്ഥാപിച്ചിരുന്നു. എന്തിനാണ് മെറ്റല്‍ ഇറക്കിയതെന്ന് ചോദിച്ചപ്പോള്‍ ആ ഭാഗത്ത് അലക്കുക്കല്ല് സ്ഥാപിക്കാനാണെന്നായിരുന്നു വിഷ്ണു നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
സുജിതയെ തിരഞ്ഞും പോസ്റ്റ് ഇട്ടും വിഷ്ണു മുന്നിൽ നിന്നു
ഓഗസ്റ്റ് 11-ന് സുജിതയെ കാണാതായത് മുതല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ വിഷ്ണു തിരച്ചിലിന് മുന്‍നിരയിലുണ്ടായിരുന്നു. സുജിതയെ കാണാനില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യമിട്ടതും വിഷ്ണുവാണ്. ഓഗസ്റ്റ് 11-ാം തീയതിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ പോസ്റ്റ്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട് കരുവാരക്കുണ്ട് പോലീസ് പങ്കുവെച്ച പോസ്റ്റും വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
സുജിതയുടെ തിരോധാനത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം നിര്‍ണായകമായെന്നാണ് സൂചന. കാണാതായ സുജിതയുടെ ഫോണില്‍നിന്ന് അവസാനം വിളിച്ച നമ്പര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിഷ്ണുവിന്റേതായിരുന്നു. മാത്രമല്ല, വിഷ്ണുവിന്റെ വീടിന് പരിസരത്തുവെച്ചാണ് സുജിതയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയതെന്നും പോലീസ് കണ്ടെത്തി. ഇതോടെ വിഷ്ണു പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതായാണ് വിവരം. ഇയാളില്‍നിന്ന് പലതവണ പോലീസ് വിവരങ്ങളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് വിഷ്ണുവിന്റെ വീട്ടിലാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടിരിക്കുന്നതെന്ന് പുറംലോകമറിഞ്ഞത്.
പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു 20 ദിവസം മുമ്പാണ് ജോലിയില്‍നിന്ന് രാജിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പഞ്ചായത്തിലെ ജോലിവിട്ടത്.


