![](/wp-content/uploads/2023/07/Sreenadh.jpg)
ശ്രീനാഥ് രഘു
അതേ, ഇന്നത്തെ വിഷയം സഹകരണമാണ്.
അല്ലെങ്കിൽ കേരളം ഇന്ന് ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങളിലൊന്നാണ്. ആരോഗ്യവും, വിദ്യാഭ്യാസവും പോലെ തന്നെ പ്രധാനപ്പെട്ട, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ ജീവനാഡി തന്നെയായ ഒന്നാണ് സഹകരണം. കാരണം scheduled bank- കൾക്കും Non – banking financial company – കൾക്കും മുകളിൽ കേരളത്തിൽ തന്നെ എൺപത്തി അയ്യായിരത്തിലധികം കോടി രൂപയുടെ മുകളിലാണ് സഹകരണത്തിന്റെ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്നത്. പിന്നെ, എവിടെയാണ് എന്താണ് കേരളത്തിലെ സഹകരണ മേഖലയ്ക്ക് സംഭവിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ വ്യവസായിക വിപ്ലവത്തിന്റെ കെടുതികൾ മാനുഷികമൂല്യങ്ങളെ ഹനിക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ അതിജീവിതത്തിന് വേണ്ടി പരസ്പര സഹായത്തിലൂടെ സ്വാശ്രയത്വം എന്ന മഹത്തായ ആശയം രൂപം കൊള്ളുന്നു. “Profit is not the aim of business, but profit is the outcome of a good business.” എന്ന അടിസ്ഥാനതത്വത്തിൽ പ്രവർത്തിച്ച് സംഘത്തിൽ “ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും” എന്ന തത്വത്തിൽ ലാഭത്തേക്കാൾ സേവനത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്നതാണ് ലോകത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ!
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ജർമനിയിലെ Raiffeisen സഹകരണ സംഘങ്ങളും, ഇംഗ്ലണ്ടിലെ requirement സൊസൈറ്റികളും, അയർലൻഡിലെ അഗ്രികൾച്ചറൽ ഓർഗനൈസേഷൻ സൊസൈറ്റികളും, റഷ്യയിലെ collective farming സൊസൈറ്റികളും, ഇസ്രായേലിലെ collective വില്ലേജുകളും, workers settlement സൊസൈറ്റികളും, ഇറ്റലിയിലെ labour സൊസൈറ്റികളും, ചൈനയിലെ അഗ്രികൾച്ചർ productive cooperative സൊസൈറ്റികളും, എന്തിന്, ലോകത്തിലെ ഏറ്റവും വലിയ ഏറ്റവും വലിയ കയറ്റുമതി – ഇറക്കുമതി സ്ഥാപനമായ UNICOOP (ജപ്പാൻ) തുടങ്ങി ചരിത്രത്തിന്റെ താളുകളിൽ, ചരിത്രത്തിന്റെ ദിനങ്ങളിൽ, മനുഷ്യനും സഹകരണ സംഘങ്ങളും സഹകരണ മേഖലകളും തമ്മിൽ മാറ്റി നിർത്താൻ ആവാത്ത ബന്ധമാണുള്ളത്. മുതലാളിത്വത്തിനും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും proprietorship-നും partnership-നും നിന്നെല്ലാം വ്യത്യസ്തമായി “Concern for Community” എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം. മെമ്പർമാരുടെയും സമൂഹത്തിന്റെയും സാമൂഹികപുരോഗതിയും സാമ്പത്തികപരമായ ഉന്നതിയുമാണ് ഇതിന്റെ ലക്ഷ്യം.
![](/wp-content/uploads/2023/09/Cop2.jpg)
2013 -14 കാലഘട്ടത്തിൽ UN സഹകരണത്തെ പറ്റി ഒരു സർവ്വേ നടത്തിയപ്പോൾ, 145-ൽ പരം രാജ്യങ്ങൾ സർവേയിൽ പങ്കെടുത്തു. അതിൽ capitalist country-കളും ഉണ്ടായിരുന്നു. 100 കോടി മെമ്പർമാരാണ് ലോകത്തിൽ സഹകരണ പ്രസ്ഥാനങ്ങളിൽ membership എടുത്തിരിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ ഏഴിൽ ഒന്ന്! സഹകരണ പ്രസ്ഥാനം ഒരു സോഷ്യലിസ്റ്റ് concern ആയിരിക്കുമ്പോൾ തന്നെ capitalist യൂറോപ്പിൽ ആഴത്തിലും ശക്തിയിലുമാണ് വേരൂന്നിയിരിക്കുന്നത്. ലോകത്തിലെ സഹകരണ മേഖല മനുഷ്യന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നു. ഉദാഹരണമായി IFFCO. ഇതൊരു കോർപറേറ്റ് സ്ഥാപനം ആണെന്നാണ് ഒരു പൊതുധാരണ. എന്നാലിതൊരു സഹകരണ പ്രസ്ഥാനമാണ്. പഠനവിധേയമാക്കേണ്ട ഒന്നാണ് IFFCO.
ഇനി കേരളത്തിലേക്ക് വരാം, ഇവിടെ സഹകരണ പ്രസ്ഥാനത്തിന് എന്താണ് സംഭവിക്കുന്നത്. രാഷ്ട്രീയം ഇടപെടാത്ത സഹകരണത്തിൽ രാഷ്ട്രീയ അതിപ്രസരമാണോ അല്ലെങ്കിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് പവറിന്റെ, ഒരു അഡ്മിനിസ്ട്രേറ്റീവ് strategy-യുടെ കുറവാണോ? ജീവനക്കാരുടെ കാര്യക്ഷമതയുടെ കുറവാണോ?എന്താണ് ഇവിടുത്തെ പ്രശ്നം? അതിലേക്ക് വരാം. എന്നേ ചർച്ചക്ക് എടുക്കേണ്ടതാണ് മാധ്യമങ്ങളും ഗവൺമെന്റും പൊതുസമൂഹവും സഹകരണത്തെ. ഇന്ന് നടക്കുന്ന പ്രധാന പ്രശ്നം, എന്നേ പരിഗണിക്കപ്പെടേണ്ടിയിരുന്ന ഒരു വിഷയത്തെ മാറ്റി മാറ്റി നിർത്തിയതാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഇവിടുത്തെ പ്രശ്നം ചർച്ച ചെയ്യാം. പെൻഷൻ പറ്റിയതും മകളെ കെട്ടിക്കാൻ വെച്ചതും ആരോഗ്യത്തിന് വേണ്ടി ഒരു ആയുസ് മുഴുവൻ സമ്പാദിച്ചതൊക്കെ മറന്ന്, വിശപ്പിൽ വെയിലത്ത് token നിന്ന് അഞ്ഞൂറും ആയിരവും ആയി വാങ്ങി നിറകണ്ണുകളുമായി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയിലേക്ക് സഹകരണ സംഘത്തിലെ നിക്ഷേപകൻ എത്തപ്പെട്ടിരിക്കുന്നു. അതിനൊരു മാറ്റം ഉണ്ടായേ പറ്റൂ. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഇല്ല എന്നല്ല, MVR ക്യാൻസർ സെന്റർ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം, Co-operative Academy for Professional Education (CAPE) തുടങ്ങിയ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിൽ മാത്രമല്ല മനുഷ്യന്റെ മറ്റ് മേഖലകളിൽ കൂടി സഹകരണം കൈകടത്തുകയും വിഭവസമാഹരണം വളരെ വൃത്തിയായി നടത്തുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് തന്നെയാണ്.
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു സർവീസ് സഹകരണ ബാങ്ക് ഉണ്ട്. കൂടാതെ തന്നെ, അവ വിഭവ സമാഹാരണത്തിലൂടെ ആ പ്രദേശത്തിന്റെ അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ട്. ദിവസവും 100 രൂപ ചിലവാക്കാൻ ഇല്ലാത്ത ഒരു പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്രോതസുകൂടിയാണ് സഹകരണ സംഘങ്ങൾ. അഴിമതിയും കെടുകാര്യസ്ഥതയും നഷ്ടത്തിലേക്ക് എത്തിക്കുന്നത് എങ്ങനെയാണ്? സംഘങ്ങൾ രാഷ്ട്രീയ വീതംവെക്കലുകൾക്ക് പാത്രമാകുമ്പോൾ… രാഷ്ട്രീയ നിയമനങ്ങൾക്ക് പാത്രമാകുമ്പോൾ… valuation ഇല്ലാത്ത ഈട് വസ്തുക്കൾക്കുമേൽ രാഷ്ട്രീയം പറഞ്ഞ് സമർഥമായി സമ്മർദ്ദം ചെലുത്തി വായ്പകൾ നൽകേണ്ടി വരുമ്പോൾ… ഒപ്പം ഇതൊക്കെ സഹകരണവകുപ്പിലെ ഒരു സർക്കാർ ജീവനക്കാരന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറും സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറും റിപ്പോർട്ട് പാസാക്കുമ്പോൾ…
സംഘം സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയോ ഇടപെടലിൽ, അവർ കണ്ണുരുട്ടി കാണിക്കുമ്പോൾ മാത്രം എല്ലാം ശരിയാണെന്ന് ചുവപ്പ് മഷിയിൽ എല്ലാം ഭംഗിയായി audit classification തീർത്തുകൊടുക്കാമെന്ന ഉറപ്പിന്മേൽ ഇതെല്ലാം മുന്നോട്ട് പോകുന്നു. എന്നാൽ, ഇവിടെ നടക്കുന്നത് window dressing മാത്രമാണ്. പൊതുജനങ്ങളുടെ, മെമ്പർമാരുടെ, സഹകാരികളുടെ പണവും, അവരുടെ അദ്ധ്വാനവുമാണ് സംഘങ്ങളെ വളർത്തിയതെന്ന് പൊതുജനം അറിയാതെ പോകുന്നു. ഇത് മാറിയേ തീരൂ…
സ്വയംഭരണ അവകാശമുള്ള സംഘങ്ങളിൽ അംഗങ്ങൾക്ക് പൊതുയോഗത്തിൽ ഭരണസമിതിയെ ചോദ്യംചെയ്യാം. മെമ്പർമാരും സമൂഹവുമാണ് പരമാധികാരികളെന്ന് സമൂഹം തിരിച്ചറിയണം. കള്ള നാണയങ്ങളെയും, അഴിമതിക്കാരെയും പുറത്തുകൊണ്ടുവരണം. സഹകരണം ഒരു സോഷ്യലിസ്റ്റ് സ്വയംഭരണ പ്രസ്ഥാനമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സഹകരണത്തിന് ഉണ്ടാവേണ്ട മാറ്റങ്ങൾ.
ഒന്ന് – സുതാര്യമായ ഓഡിറ്റിംഗ് സംവിധാനം ഉണ്ടാവണം. Internal auditing സംവിധാനവും ഉണ്ടാവണം. ആഴ്ചയിൽ ഒന്നോ, മാസത്തിൽ ഒന്നോ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ഇന്റേണൽ ഓഡിറ്റർ ചെക്ക് ചെയ്ത് രജിസ്ട്രാർക്ക് അയയ്ക്കുക. കൂടാതെ, ചാർട്ടേഡ് അക്കൗണ്ടന്റിനെ കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് നിയമിച്ച് അക്കൗണ്ട് വരവ് ചിലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും, രജിസ്ട്രാർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ ബോധ്യപ്പെടുത്തികൊടുക്കേണ്ടതുമാണ്.
രണ്ട് – പൊതുയോഗം കൂടുന്ന സമയങ്ങളിൽ പൊതുയോഗ നോട്ടീസിൽ സഹകാരികൾ അതിലെ ഓരോ വരവ് – ചിലവ് ഇനങ്ങളെ പറ്റി വ്യക്തമായ ധാരണ ഉണ്ടാവുകയും, അതിനെപറ്റി ചോദ്യം ചെയ്യേണ്ടതും അത്യാവശ്യമാണ്. കേരളം പോലെ ഒരു വികസിതപ്രദേശത്ത് സഹകരണത്തിന്റെ പ്രസക്തി അതിവിപുലമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൺസ്ട്രക്ഷൻ തുടങ്ങി എല്ലാ മേഖലകളിലും സഹകരണം എത്തേണ്ടതാണ്.
സഹകരണത്തിനുമേൽ അല്ലെങ്കിൽ ഈ രാജ്യത്തിന്റെ ജനങ്ങളുടെ മേൽ പുതിയ സഹകരണ ചട്ടവും നിയമവുമായി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കഴുകൻ നിങ്ങൾക്കുമേൽ പറക്കുന്നുണ്ട്. സ്വാശ്രയം എന്ന മഹത്തായ ആശയം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണമായി മാറിയത് പോലെ, സഹകരണം എന്ന വാക്കിനുമേൽ വലിയ കോർപ്പറേറ്റുകൾ കാത്തിരിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച് വലിയ കോർപറേറ്റുകൾക്ക് കൈമാറിക്കൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ സഹകരണവും പുതിയ സഹകരണം എന്ന പേരിട്ട് വലിയ മുതലാളിത്വത്തിന് കൈമാറും.
നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കണ്ടെ?
സഹകരണത്തിലുള്ള ഒരു സംഘത്തിൽ നിക്ഷേപിക്കണ്ടേ നിങ്ങളുടെ സമ്പാദ്യം?
പേരെടുത്ത് വിളിക്കാവുന്ന വിശ്വാസ്യതയുള്ള ഒരു ജീവനക്കാരൻ വേണ്ടെ അവിടെ?
സുതാര്യമായ ഓഡിറ്റിംഗിലൂടെ മറ്റു രാജ്യങ്ങളെക്കാൾ മഹത്തായ സഹകരണം എന്റെ രാജ്യത്തുണ്ടെന്ന് തെളിയിക്കണ്ടേ?
വിഭവസമാഹരണത്തിന് ഇത് ഉപയോഗിക്കണ്ടേ?
Artificial intelligence പോലെയുള്ള ഭീഷണികൾ മനുഷ്യനെ കാർന്നു തിന്നുന്ന കാലത്ത്, മനുഷ്യത്വപരമായി ഇടപെടുന്ന സാമ്പത്തികസ്രോതസ്സുകളെയും സഹകരണ പ്രസ്ഥാനങ്ങളെയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിലനിർത്തേണ്ടത് ഇവിടുത്തെ ജനങ്ങളുടെ, പൊതുസമൂഹത്തിന്റെ, വരും തലമുറയുടെ ആവശ്യമാണ്.
ഇത് വായിച്ച് അവസാനിക്കും മുൻപ് ഒരു കാര്യം കൂടി.
വാട്ടിമാലൻ കവിയും വിപ്ലവകാരിയുമായ ഒട്ടേറ നെക്കാസലേയുടെ വരികൾ കൂടി.
“ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്ന് അവർ ചോദ്യം ചെയ്യപ്പെടാം.”
ഒരു രാഷ്ട്രീയത്തിലും ഇടപെടാതെ ഒരു അരാഷ്ട്രീയ മനുഷ്യനായി നിങ്ങൾക്കും ഇവിടെ അവനവന്റെ നിറങ്ങൾക്കപ്പുറത്ത് ചിന്തിക്കാതെ ജീവിക്കാം. പക്ഷേ വരുംതലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ഫാസിസത്തിനും, ചൂഷണത്തിനും എതിരെ പോരാടാതെ സ്വന്തം അഭിപ്രായം പോലും പറയാതെ തന്റെ ജീവിതം മാത്രം ജീവിച്ചുതീർക്കുന്ന സ്വന്തം കാര്യത്തിന് പോലും സിന്ദാബാദ് വിളിക്കാത്ത സുഖശീതള ജീവിതങ്ങൾ നയിക്കുന്ന സമരങ്ങളെയും പോരാട്ടങ്ങളെയും വിപ്ലവങ്ങളെയും എന്നും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന, എന്ത് സംഭവിച്ചാലും ഞങ്ങളുടെ ജീവിതം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന അരാഷ്ട്രീയ പിന്തിരിപ്പന്മാരോട് തെളിമയോടെ പറയുന്നു. ഒരിക്കൽ ഏറ്റവും ദരിദ്രരായ മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജോലി ചെയ്യുന്നവർ, നിങ്ങളുടെ കഥകളിലും കവിതകളിലും ജീവിതത്തിലും ഒരിക്കലും ഇടം കണ്ടിട്ടില്ലാത്തവർ, പൗരന്മാർ എന്ന് മാത്രം പറയുന്ന പാവം മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. യാതനങ്ങളിൽ ദരിദ്രരുടെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുമ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്നവർ ചോദിക്കും.
പൗരത്വഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും, ലക്ഷദ്വീപിലേക്ക് കടന്നാക്രമിച്ചപ്പോഴും, കർഷകസമരം ഉച്ചസ്ഥായിൽ എത്തിയപ്പോഴും, ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഹിന്ദുത്വ സിവിൽ കോഡ് കൊണ്ടുവന്നപ്പോഴും മിണ്ടണമെന്ന് തോന്നാത്ത സുരക്ഷിതമെന്ന് കരുതിയ നിങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് ഫാസിസം നിങ്ങളെ വിഴുങ്ങിയിട്ടുണ്ടാവും. ഒരു ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷയെയും തകർത്ത് സംഹാരതാണ്ഡവമാടുന്നു വർത്തമാനകാല ഇന്ത്യയിൽ.
മിണ്ടാത്തവരുടെ പേരുകൾ ചരിത്രത്തിൽ എവിടേയും രേഖപ്പെടുത്തിയിട്ടില്ല.
മിണ്ടുക!
എതിർത്തുകൊണ്ടിരിക്കുക!
രക്തസാക്ഷിത്വത്തിന്റെ തപിക്കുന്ന ഓർമ്മകളിൽ വീണുപോയാലും ശരി ചരിത്രത്തിന്റെ താളുകളിൽ നിങ്ങളുടെ പേരുകളുണ്ടാകും.
സംഘടിക്കുക, സഹകരണത്തിലൂടെ സ്വാശ്രയം നേടിയെടുക്കുക.
(ലേഖകൻ ശ്രീനാഥ് രഘു, Kerala Co-operative Employees Congress, Kottayam District President ആണ്. Kaduthuruthi Urban Co-operative Bank ജീവനക്കാരനും)