ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗോന്ധ്രയ്ക്ക് സമാനമായ കലാപത്തിന് മുന്നൊരുക്കമെന്ന് ഉദ്ധവ് താക്കറെ

ഉത്തര്‍പ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

2024 ജനുവരിയിലായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രം ഉദ്ഘാടനം നടത്താനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രകോപന ശ്രമം ഉണ്ടാവാം എന്ന് താക്കറെ മുന്നറിയിപ്പ് നൽകുന്നത്.

അക്രമസംഭവത്തിനുള്ള ഗൂഢാലോചന നടക്കുന്നതായി താക്കറെ പറഞ്ഞു. ജല്‍ഗാവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താക്കറെയുടെ താക്കീത്. ഗോധ്രയിലേതിന് സമാനമായ സംഭവത്തിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് താക്കറെ മുന്നറിയിപ്പ് നൽകി.

“ഇത് സംഭവിക്കാം, ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും, കല്ലെറിയും, കൂട്ടക്കൊലകള്‍ സംഭവിക്കും, രാജ്യം വീണ്ടും കലാപാഗ്നിയില്‍ എരിയും, ആ അഗ്നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും”, താക്കറെ മുന്നറിയിപ്പ് നൽകി.

തങ്ങളുടെതായ ഒരു സംഭാവനയും രാജ്യത്തിന് നൽകാത്തവർ എന്നും വിമർശനം

സ്വന്തമായി ഉയർത്തിക്കാട്ടാൻ മാതൃകാ നേതാക്കന്മാരില്ലാത്ത ബി.ജെ.പിയും ആർ.എസ്.എസും മഹാന്മാരായ സർദാർ പട്ടേലിനെയും സുഭാഷ് ച​ന്ദ്ര ബോസിനെയുമൊക്കെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് പരിഹസിച്ചു. എന്റെ പിതാവ് ബാൽതാക്കറെയുടെ പാരമ്പര്യത്തിന് മേലും അവർ അവകാശമുന്നയിക്കുന്നു. സർദാർ പട്ടേലിന്റെ പേരിലുള്ള ഒരു കൂറ്റൻ പ്രതിമ ഉണ്ടാക്കിയതല്ലാതെ തങ്ങളുടേതായ ഒരു സംഭാവനയും ഈ രാജ്യത്തിന് നൽകാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസും. ആ പ്രതിമയല്ലാതെ പട്ടേലിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും അവർ ചിന്തിക്കുന്നുമില്ല. ഇക്കൂട്ടർ പട്ടേലിന്റെ മഹത്വത്തിന് തൊട്ടടുത്തു പോലും എത്തുന്നവരല്ല.

2002 ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചുകള്‍ തീ പിടിച്ച സംഭവത്തിൽ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരമായ വിഭാഗീയതയുടെ കലാപം പൊട്ടിപുറപ്പെട്ടത്.

പൊതുതിരഞ്ഞെടുപ്പിന് മുമ്പായാണ് രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത് ആസൂത്രണം ചെയ്യുന്നത്. ജനുവരിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് കരുതുന്നത്.

പ്രതികരണവുമായി ബി ജെ പി

ശിവസേന സ്ഥാപകനും ബിജെപിയുടെ മുന്‍സഖ്യകക്ഷിനേതാവുമായ ബാലസാഹേബ് താക്കറെയുടെ അനുഗ്രഹം രാമക്ഷേത്രനിര്‍മാണത്തിന് ലഭിച്ചിട്ടുണ്ടെന്ന് താക്കറെയുടെ പ്രസ്താനയ്ക്ക് എതിരെ ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് സദ്ബുദ്ധിയേകാന്‍ ഭഗവാന്‍ രാമനോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും താക്കറെയുടെ മുന്നറിയിപ്പിൽ പ്രകോപിതരായി രംഗത്ത് വന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...