ഉജയിനിൽ ബലാത്സംഗത്തിനിരയായി ചോരയൊലിപ്പിച്ച് വന്ന 12 വയസ്സുകാരിയെ ആരും സഹായിച്ചില്ലെന്ന റിപ്പോര്‍ട്ട് തളളി ജില്ലാ പൊലീസ് മേധാവിയുടെ ന്യായീകരണം. കുട്ടിയെ പലരും ആട്ടി ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതമാണ് പീഡനം ശ്രദ്ധയിൽ എത്തിച്ചത് . എന്നാൽ പെണ്‍കുട്ടിയെ പലരും പണംനല്‍കി സഹായിച്ചെന്നാണ് പൊലീസ് സുപ്രണ്ടിൻ്റെ വാദം. തങ്ങള്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കൈയില്‍ 120 രൂപയുണ്ടായിരുന്നതായി ഉജ്ജൈനി പോലീസ് മേധാവി സച്ചിന്‍ ശര്‍മ എന്‍.ഡി.ടി.വി.യോട് പ്രതികരിച്ചു.
പലരും 50 ഉം നൂറും രൂപ നൽകി എന്ന്
‘സമ്മിശ്രമായ പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടായത്. പെണ്‍കുട്ടി കടന്നുപോയ വഴിയിലുള്ളവര്‍ അവളെ സഹായിച്ചു. ചിലര്‍ അവള്‍ക്ക് 50 രൂപ നല്‍കി. മറ്റുചിലര്‍ നൂറുരൂപയും. വഴിയിലെ ഒരു ടോള്‍ബൂത്ത് കടന്നാണ് പെണ്‍കുട്ടി നടന്നുപോയത്. ടോള്‍ബൂത്തിലെ ജീവനക്കാരന്‍ അവള്‍ക്ക് പണവും വസ്ത്രങ്ങളും നല്‍കി. കുറഞ്ഞത് ഏഴോ എട്ടോപേര്‍ അവളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്’, പോലീസ് മേധാവി പറഞ്ഞു. എന്നാൽ എന്നിട്ട് അവസാനം പൊലീസ് കണ്ടെത്തുമ്പോൾ അവളുടെ കയ്യിൽ 120 രൂപ ഉണ്ടായിരുന്നു എന്നും പലരും നൽകിയ ഔദാര്യത്തെ കൂട്ടി എസ് പി കണക്കും അവതരിപ്പിച്ചു.
![](/wp-content/uploads/2023/09/g.jpg)
വൈദ്യസഹായമല്ലെ പ്രധാനം എന്ന് ചോദിച്ചപ്പോൾ
അത്തരമൊരു സാഹചര്യത്തില്‍ പണം നല്‍കി സഹായിക്കുന്നതിനെക്കാള്‍ പ്രധാന്യം വൈദ്യസഹായം നല്‍കുന്നതിനല്ലേ എന്ന ചോദ്യത്തിന് ‘നാട്ടുകാര്‍ക്ക് ചിലപ്പോള്‍ വൈമനസ്യം ഉണ്ടായിരുന്നിരിക്കാം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. എന്നാൽ അവര്‍ സാമ്പത്തികമായി അവര്‍ക്ക് കഴിയുന്നപോലെ സഹായിക്കാന്‍ ശ്രമിച്ചു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘പെണ്‍കുട്ടി ആരോടും പ്രത്യേകമായി സഹായംവേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. താന്‍ അപകടത്തിലാണെന്നും ആരോ തന്റെ പിന്നിലുണ്ടെന്നുമാണ് അവള്‍ പറഞ്ഞത്. ആ സമയത്ത് കുട്ടിക്ക് ഒട്ടും സ്ഥിരതയുണ്ടായിരുന്നില്ല. അതിനാലാകും ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്’ എന്നും പൊലീസ് സൂപ്രണ്ട് നിഗമനം അവതരിപ്പിച്ചു.
ക്രൈം റെക്കോഡ്സ് ബ്യറോയുടെ കണക്കു പ്രകാരം 2021 ൽ ഏറ്റവും അധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മധ്യ പ്രദേശ്. ഇതിൽ പകുതിയിൽ അധികവും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെയുള്ള ആക്രമണ കേസുകൾ ആണെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.
പ്രതികളെ കുറിച്ച് ഇപ്പോഴും അവ്യക്തത തന്നെ
ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി മധ്യപ്രദേശിലെ സത്‌നാ ജില്ലയില്‍നിന്നുള്ള കുട്ടിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുത്തച്ഛനും മൂത്തസഹോദരനും ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി ഞായറാഴ്ചയാണ് വീട്ടില്‍നിന്ന് പോയത്. 850 കിലെ മീറ്റർ അകലത്തിലാണ് കുട്ടിയുടെ വീട്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നതായി പോലീസ് പറയുന്നുണ്ട്.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി.യുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഒരു ഒട്ടോഡ്രൈവറെ കേസില്‍ അറസ്റ്റ് ചെയ്തതായും മറ്റുമൂന്നുപേര്‍ കസ്റ്റഡിയിലുള്ളതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി ഓട്ടോയില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതായും ഓട്ടോയില്‍ രക്തക്കറ കണ്ടെത്തിയതായും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയിലൊന്നും കേസിന് ആസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ടെന്നായിരുന്നു എസ്.പി. സച്ചിന്‍ ശര്‍മ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ.യോട് പ്രതികരിച്ചത്. ഒട്ടോഡ്രൈവര്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നും ഇവരെ ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
![](/wp-content/uploads/2023/09/h-1.jpg)
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ അവശയായും രക്തം ഒലിപ്പിച്ചും കുട്ടി എട്ട് കിലോ മീറ്ററോളം നടന്നു. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പ്രീസ്റ്റാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.