വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് കവലയിൽ രാവിലെയാണ് പ്രതിയുടെ ബന്ധു കത്തിയുമായി എത്തി ആക്രമിച്ചത്. ഇരുവരും ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു.
കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതേവിട്ട അര്‍ജുന്റെ അച്ഛന്റെ സഹോദരന്‍ പാല്‍രാജാണ് ആക്രമണം നടത്തിയത്. വാക്കേറ്റത്തിനൊടുവില്‍ കത്തിവീശുകയായിരുന്നു എന്നാണ് വാർത്തകൾ.
പെണ്‍കുട്ടിയുടെ അച്ഛന്റെ ഇരുകാലുകള്‍ക്കും പുറത്തും പരിക്കുണ്ട്. മുത്തച്ഛന് തോളിനാണ് പരിക്ക്. കുട്ടിയുടെ പിതാവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവര്‍ക്കും ആഴത്തിലുള്ള മുറിവേറ്റതായാണ് വിവരം.
കേസിലെ പ്രതിയായിരുന്ന അര്‍ജുനെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധി വന്നതുമുതല്‍ ഇരുവിഭാഗവുംതമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നു. കേസില്‍ അപ്പീല്‍പോകുന്നതും മേൽനടപടികളും സംബന്ധിച്ച് സംസാരിച്ചു. ഇതു പ്രകാരം നിയമനടപടികളിലേക്ക് കടക്കാനിരിക്കെയാണ് ആക്രമണം.