അയോധ്യയില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. ‘ഹേ റാം’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ് വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. തങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് നായർ സർവ്വീസ് സൊസൈറ്റി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് എൻ എസ് എസ് നിലപാടിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് എത്തി.
അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും അറിയാം
ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം.
പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തെന്ന സ്ഥിതിവിവര കണക്കുകളുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. കര്‍ഷക, തൊഴില്‍ നിയമങ്ങള്‍ പാസാക്കപ്പെടുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കാര്‍ഷിക മേഖലയില്‍ മൂന്ന് കരിനിയമങ്ങളാണ് കൊണ്ടുവന്നത്. മണിക്കൂറില്‍ ഒരു കര്‍ഷകന്‍ എന്ന നിലയിലാണ് ആത്മഹത്യ ചെയ്യുന്നത്.
പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് കേരളത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തു. ഇതിലൂടെയൊക്കെ പിണറായി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത രീതിയെ കേരളം ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നത്. വി ഡി സതീശൻ പറഞ്ഞു.