പുരസ്കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് സംസാരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് ചോദ്യവുമായി സംവിധായകൻ വിനയൻ.
അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല പ്രശ്നം എന്നും അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടോ എന്നതാണ് ഗുരുതരമായവിഷയം. ഇത് മന്ത്രി ശ്രദ്ധിച്ചിരുന്നുവോ. അവാർഡ് നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ പിന്നെയെങ്ങനെ ചെയർമാൻ ഇടപെട്ടില്ലെന്ന് മന്ത്രി പറയുന്നത്.
അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രീ മനു അത് നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു.
എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ. വിനയൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചീട്ട് കൊടുത്തതായി ന്യൂസിൽ കണ്ടു..
ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..
അങ്ങയോടല്ലല്ലോ ഞങ്ങളത് ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്. അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ? അവാർഡ് നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രീ മനു അത് നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു.
എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ.
അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്നം. അവാർഡ് നിർണ്ണയത്തിൽ സർക്കാരിൻെറ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം. ജൂറി മെമ്പർമാരോട് സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിൻെറ ഇടപെടലിനെപ്പറ്റി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചീട്ട് കൊടുക്കാൻ. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ.
ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിൻെറ ആരോപണത്തിനുള്ള മറുപടി. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്ന് പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്പരാജ് എത്തിക്കോളും, പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.
രഞ്ജിത്ത് ഇതിഹാസതുല്യനാണ് എന്ന പ്രതികരണമാണ് ആദ്യമന്ത്രി നടത്തിയത്. ഇത് വ്യാപകമായ ട്രോളുകൾക്ക് ഇടയാക്കി.
ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അർഹതപ്പെട്ടവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. തെളിവുണ്ടെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.