Saturday, August 16, 2025

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു. അഞ്ച് വർഷത്തോളമായി പൊതുപരിപാടികളിൽ നിന്ന് മാറി തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകൻ അരുണിന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ജൂൺ 23ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ എത്തിച്ചു. അതിതീവ്ര പരിചരണത്തിലായിരുന്നു. 2025 ജൂലൈ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20 നാണ് അന്ത്യം സംഭവിച്ചത്.

1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ തന്റെ ത്യാഗ പൂർണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുന്നിൽ നിന്നു നയിച്ച വ്യക്തിത്വമാണ്.

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കേരള ഭരണത്തിൽ നിർണ്ണായക സ്ഥാനങ്ങളിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കൺവിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളിൽ വിഎസ് നിസ്തുല സംഭാവനകൾ.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തിൽ പ്രവേശിച്ച വിഎസ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയിൽ അംഗമാകുന്നത്. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 1964 ൽ സിപിഐ ദേശീയ കൌൺസിൽ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം.

1967 ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1980 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2006ൽ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.

ഉടനീളം കത്തിജ്വലിച്ച ജീവിതം

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠൻ ഗംഗാധരന്‍റെ തയ്യല്‍ക്കടയിൽ സഹായിയായി. പിന്നീട് ആസ്പിന്‍വാൾ കയർ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി.

1940 ൽ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി 1946 ഒക്ടോബര്‍ 28 ന് പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍വച്ച് അനുഭവിച്ചത് കൊടിയ മര്‍ദനങ്ങളാണ്. പൊലീസുകാർ തോക്കിന്‍റെ ബയണറ്റ് കാല്‍വെള്ളയില്‍ തുളച്ചിറക്കി. അന്ന് മരിച്ചെന്ന് കരുതി പൊലീസ് ഉപേക്ഷിച്ചതാണ്.

പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരില്‍ വിഎസ് മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരിൽ മൂന്നുവര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം. പിന്നീട്, 1975ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി.

കുട്ടനാടിന്റെ ഭാഷയും മനസും സ്വന്തമാക്കിയ പതിനെട്ടുകാരൻ

സഖാവ് പി കൃഷ്ണപിള്ളയാണ് വി എസിനെ കണ്ടെത്തി, കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ പറഞ്ഞയച്ചത്. കര്‍ഷത്തൊഴിലാളികളുമായി നിരന്തരം സംസാരിച്ച് അവരുടെ ഭാഷ മനസ്സിലാക്കി, ആ സംസാരരീതി തന്റെ പ്രസംഗശൈലിയാക്കി മാറ്റിയയാളാണ് വി.എസ്.

1940-കളിൽ അദ്ദേഹം ആദ്യത്തെ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലുള്ള തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കമിട്ടു. കുട്ടനാട്ടിലെ കൈനകരിയിലെ ചെറുകാലിക്കായല്‍ പാടവരമ്പത്താണ് ആദ്യ യോഗം ചേര്‍ന്നത്. സര്‍ സി പിയുടെ രാജഭരണവും ക്രൂരവാഴ്ചയുമായിരുന്ന അക്കാലത്ത് യോഗം ചേരാൻ അനുമതിയുണ്ടായിരുന്നില്ല. അവിടെ ജാനകി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്ന് വി എസിന് 18 വയസ്സ് തന്നെ ആയിട്ടില്ല. ആ സമ്മേളനത്തിലുണ്ടായിരുന്നവരിൽ അവസാന കണ്ണിയാണ് വി എസ്.

വി. എസ് അച്യുതാനന്ദൻ, രാഷ്ട്രീയ റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2011-2016, 2001-2006, 1992-1996)
  • കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആകെ 5150 ദിവസം. (14 വർഷം, 1 മാസം, 5 ദിവസം)
  • കേരള നിയമസഭാംഗമായി ആകെ 12652 ദിവസം. (34 വർഷം, 7 മാസം, 21 ദിവസം)
  • കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ആകെ 1826 ദിവസം. (5 വർഷം) (2006-2011)
  • പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം. (97 വയസ്, 2021 മെയ് 3)
  • പന്ത്രണ്ടാം കേരള നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ നിയമസഭാ കക്ഷി നേതാവ്. 2006 മെയ് 18ന് കേരളത്തിൻ്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 83 വയസ്
  • ആകെ പത്ത് തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചതിൽ ഏഴ് തവണ വിജയിച്ചു. (2016, 2011, 2006, 2001, 1991, 1970, 1967). മൂന്ന് പ്രാവശ്യം പരാജയപ്പെട്ടു. (1996, 1977, 1965)
  • ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് തുടർച്ചയായി 20 വർഷം നിയമസഭാംഗമായ മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2016, 2011, 2006, 2001)
  • ഏറ്റവും കൂടിയ പ്രായത്തിൽ പതിനാലാം കേരള നിയമസഭയിലെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ.(93 വയസ്, 2016 മെയ് 25) ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഒറ്റത്തവണയായി അഞ്ച് വർഷം. (2016-2021)
  • പത്താം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. (1996-മാരാരിക്കുളം)
  • വി.എസ് അച്യുതാനന്ദൻ നിയമസഭയിലേക്ക് ജയിക്കുമ്പോൾ സംസ്ഥാനത്ത് മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുമുന്നണി പരാജയപ്പെട്ടു. (1991, 2001, 2011 നിയമസഭ തിരഞ്ഞെടുപ്പുകൾ)
  • പിണറായി വിജയനും (17 വർഷം) (1998-2015) ഇ.കെ നായനാർക്കും (13 വർഷം) (1991-1996, 1972-1980) ശേഷം ഏറ്റവും കൂടുതൽ കാലം (11 വർഷം) കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ (1980-1991) സി.പി.എം നേതാവ്

വി.എസ്.അച്യുതാനന്ദൻ: ജീവിതരേഖ

  • ജനനം: 1923 ഒക്‌ടോബർ 20
  • അച്‌ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.
  • അമ്മ: അക്കമ്മ.
  • വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ.
  • നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.
  • പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.
  • ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.
  • 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്‍റെ ഭാഗമായി.
  • 1940 ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം.
  • 1946 ഒക്ടോബര്‍ 28 ന് പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
  • 1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
  • 1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി
  • 1957 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
  • 1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗം.
  • 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.
  • 1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.
  • 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.
  • 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.
  • 1970 ല്‍ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.
  • 1975 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.
  • 1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ ആര്‍എസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.
  • 1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി.
  • 1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം.
  • 1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്‍റെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.
  • 1996 ലെ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു.
  • 2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.
  • 2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വി.എസ്. അച്യുതാനന്ദന്‍ കേരളത്തിന്‍റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.
  • 2011 ലും 2016 ലും വിഎസിന്‍റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു.
  • 2011-2016 ൽ പ്രതിപക്ഷ നേതാവായി.
  • 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ
  • ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു.
  • ചിന്തയുടെ പത്രാധിപരായും ദീര്‍ഘകാലം പ്രവർത്തിച്ചു.
  • 2020-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

വി എസ് കുടുംബം

ഭാര്യ: കെ.വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.
മകൻ : വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറാണ്. മരുമകൾ ഇ.എൻ.ടി സർജനായ ഡോ. രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു.
മകൾ: ഡോ. വി.വി.ആശ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

സ്വരാജിന് നിലമ്പൂർ കടക്കാനായില്ല, ഒറ്റയാൻ കരുത്തിൽ അൻവർ

- ജിബി -മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും...