വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഇറക്കി.
മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്നാണ് വ്യക്തമാക്കുന്നത്. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു. കണ്ണൂര്‍ സി.സി.എഫ്.വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യുവാവിനെ കടുവ കൊന്നുതിന്നതിന് പിന്നാലെ നാട്ടുകാര്‍ മണിക്കൂറുകളോളം മൃതദേഹം സ്ഥലത്തുനിന്നുമാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. ജനത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്കെത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമെല്ലാം ഒന്നടങ്കം ഈ ആവശ്യമുന്നയിച്ചു. ബത്തേരി താലൂക്ക്് ആശുപത്രിയില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉപവാസവും നടത്തി. ഉത്തരവ് വൈകിയാല്‍ ദേശീയപാത ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.
നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവയുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 600 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള എസ്റ്റേറ്റ് ആണിത്. കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ നാട്ടുകാര്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
യുവാവിനെ കടുവ കൊന്നതറിഞ്ഞ് കുഴഞ്ഞു വീണ കർഷകൻ മരിച്ചു
കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.
ഇന്നലെ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ (ചക്കായി-36) കടുവ കടിച്ചുതിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് പ്രജീഷിനെ കടുവ കൊന്നത്. വൈകുന്നേരമായിട്ടും തിരിച്ചുവരുന്നത് കാണാതായതോടെ മാതാവ് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നുകാലികളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന കുടുംബത്തിലെ ആശ്രമായ യുവാവാണ്.
കടുവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ കണ്ടതോടെ കാട്ടിലേക്ക് മറഞ്ഞു. ഇടതു തുടയുടെയും തലയുടെയും ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പരേതനായ കുട്ടപ്പന്റെയും ശാരദയുടെയും മകനാണ് പ്രജീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: മജീഷ്, ജിഷ.