Sunday, August 17, 2025

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം മൂന്നു ശതമാനമായി കുത്തനെ കൂടി.

കേരളത്തിനു പുറമെ കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗിലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്തടിയുന്നത്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പല്‍ അപകടങ്ങള്‍, ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവയും തിമിംഗിലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയര്‍ന്ന പൗരബോധവുമാണ് തിമിംഗിലങ്ങള്‍ ചത്തടിയുന്ന സംഭവങ്ങള്‍ പെട്ടെന്ന് പുറത്തറിയാന്‍ സഹായിക്കുന്നത്.

ബ്രൈഡ്‌സ് തിമിംഗിലമാണ് കൂടുതലായി ചത്തടിയുന്നത്. 2023ല്‍ മാത്രം ഒന്‍പത് തിമിംഗിലങ്ങളാണ് ചത്തടിഞ്ഞത്. ഓഗസ്റ്റ്്-നവംബര്‍ കാലയളവിലാണ് കൂടുതല്‍ എണ്ണത്തെ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നു റീജണല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

കാലവര്‍ഷത്തോടനുബന്ധിച്ച് പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗിലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതും മണ്‍സൂണ്‍ സമയത്ത് തിമിംഗിലങ്ങള്‍ കൂടുതലായി ചത്തടിയാന്‍ കാരണമാകുന്നു.

സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗിലങ്ങള്‍ക്ക് വിനയാകുന്നു. താപനില വര്‍ധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസങ്ങള്‍ തിമിംഗിലങ്ങള്‍ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാന്‍ ഇടവരുത്തുന്നു. പരുക്കേറ്റതും ചത്തതുമായ തിമിംഗിലങ്ങളെ ശക്തമായ ഒഴുക്ക് തീരങ്ങളിലേക്ക് എത്തിക്കുന്നുവെന്നും പഠനം പറയുന്നു.

ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ രതീഷ്‌കുമാര്‍ പറഞ്ഞു. തത്സമയ മുന്നറിയിപ്പുകളും തിമിംഗില സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്നു നിര്‍ദേശിക്കുന്ന പഠനം, മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കല്‍, വിവര ശേഖരണത്തിന് സിറ്റിസണ്‍ സയന്‍സ് ശക്തിപ്പെടുത്തല്‍ എന്നിവയുടെ അനിവാര്യതയും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സമുദ്ര സസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിനു കീഴിലാണ് പഠനം നടന്നത്.

Share post:

spot_imgspot_img

Popular

More like this
Related

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....

സ്വരാജിന് നിലമ്പൂർ കടക്കാനായില്ല, ഒറ്റയാൻ കരുത്തിൽ അൻവർ

- ജിബി -മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും...