ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദം നടത്തിയ സംഘത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി. ജഡ്ജി എസ്.എസ്. സീനയാണ് വിധി പ്രസ്താവിച്ചത്.
ആലപ്പുഴ വനിതാസെല്ലില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാ കുമാരി (59) യെ ആക്രമിച്ച കേസിലാണു ശിക്ഷ.
പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറയില്‍ ആതിര (ചിന്നു-23), ആതിരയുടെ അമ്മ ശോഭന (50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വിവിധവകുപ്പുകളിലായി 13 വര്‍ഷം ശിക്ഷിച്ചെങ്കിലും ഏഴുവര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം മീനാ കുമാരിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. മീനാ കുമാരിക്ക് എതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ഉൾപ്പെടെ പ്രതികൾ പരാതി നൽകിയിരുന്നു എങ്കിലും കേസ് നിലനിന്നില്ല.
ജനങ്ങളുടെ പരാതി അന്വേഷിക്കാൻ എത്തി
2016 ഏപ്രില്‍ 23-നു വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ആതിര ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നുവെന്ന് പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു.
മീനാ കുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും കൂടിയാണ് ഇത് അന്വേഷിക്കാൻ എത്തിയത്. മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ഇതിലെ ഇളയ കുട്ടി ആതിരയെ ഉപദേശിച്ചു. പരാതി പ്രകാരം ഏപ്രില്‍ 26-നു വനിതാസെല്ലില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.
ഇതോടെ പ്രകോപിതരായ ആതിരയും ശോഭനയും രോഹിണിയും ചേര്‍ന്ന് ആക്രമണം നടത്തി. പെരുവിരലിനു ഗുരുതര പരിക്കേറ്റ മീനാകുമാരിയെ ലേഖയും ഉല്ലാസും ചേര്‍ന്ന് രക്ഷപ്പെടുത്തി എന്നാണ് കേസ്. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം 89 ദിവസം ഇവര്‍ ജോലിക്കു പോകാനാവാതെ വീട്ടില്‍ക്കഴിഞ്ഞു.

മന്ത്രവാദിപ്പേടിയിൽ പൊലീസ് തന്നെ ആദ്യം കേസ് ചുരുക്കി
സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തെങ്കിലും ആതിരയെമാത്രം പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം നല്‍കിയത്. ഇതിനെതിരേ ഉന്നത പോലീസ് അധികാരികള്‍ക്കു മീനാ കുമാരി നല്‍കിയ പരാതിയെത്തുടര്‍ന്ന് മാവേലിക്കര ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ശ്രീകുമാര്‍ 2017 സെപ്റ്റംബറില്‍ പുനരന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ശോഭനയെയും രോഹിണിയെയും കൂടി പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 21 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.
2020 മേയ് മാസത്തിൽ സർവീസിൽനിന്നു വിരമിച്ച് മലപ്പുറം ചേലാമ്പ്രയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണു മീനാകുമാരി.മീനാ കുമാരി. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തൃശ്ശൂരിൽനിന്നു സ്ഥലംമാറിയെത്തി ആലപ്പുഴ വനിതാസെൽ സി.ഐ. ആയി ഇവർ ചുമതലയേറ്റത്. കളക്ടർ നേരിട്ടു വിളിച്ചുപറഞ്ഞ ഉടൻ അന്വേഷണത്തിനിറങ്ങുകയായിരുന്നു.