1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം. ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഒരു കൂട്ടം വിദ്യാർഥികൾ നേരിട്ടെത്തി. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ചാൻസിലറായി തുടരുന്ന ഇന്ദിരാ ഗാന്ധിയുടെ രാജിയായിരുന്നുഅവരുടെ ആവശ്യം.
പ്രതിഷേധ ജാഥ നയിച്ചെത്തിയ വിദ്യാർഥിക്കൾക്കിടയിലേക്ക് ഇന്ദിരാഗാന്ധി ഇറങ്ങി വന്നു. പരിവാരങ്ങളോടെ എത്തിയ അവർക്ക് മുന്നിൽ വെച്ച് തന്നെ ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകളെക്കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുറ്റപത്രം യെച്ചൂരി വായിച്ചു.
പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായിട്ടും ജെഎൻയു ചാൻസിലർ പദവി ഒഴിയാതിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ തുടർച്ചയായിരുന്ന ആ വിദ്യാർഥി മുന്നേറ്റം.
അതേ വർഷം വിദ്യാർഥി യൂണിയന്‍ പ്രസിഡണ്ട് സ്ഥാനമേറ്റ സീതാറാം യെച്ചൂരി എന്ന യുവാവാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.1977 സപ്തംബര്‍ ആറിന് ഹിന്ദുസ്ഥാന്‍ ടൈംസ് ആ സമരത്തിന്റെ ചിത്രവും വാർത്തയും പ്രസിധീകരിച്ചിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജെഎൻയുവിൽ പ്രവേശിച്ചിരുന്നില്ല. ക്യാംപസിനുള്ളിൽ നിശ്ചയിച്ചിരുന്ന ഒരുപരിപാടി അവർക്ക് മാറ്റി വെക്കേണ്ടിവരികയും ചെയ്തിരുന്നു. ക്യാംപസിൽ കയറാൻ അനുവദിക്കില്ലെന്ന വിദ്യാർഥികളടെ ഉറച്ച പ്രതിഷേധ നിലപാടുകളെ തുടർന്നായിരുന്നു ഇത്. 1975 മുതൽ യെച്ചൂരിക്ക് മുൻപ്ഡിപി ത്രിപാതിയായിരുന്നു ജെഎൻയു വിദ്യർത്ഥി നേതാവ്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കത്തിനിന്ന കാലം.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അന്ന് ജെ എൻ യു വിദ്യാര്ത്ഥിയും പിന്നീട് അവിടെ അധ്യാപകനുമായ പ്രൊഫ. ചമൻലാൽഇന്ദിരയുടെ വസതിയിലേക്ക് മാർച്ച് നടത്തിയസമരാനുഭവത്തെ കുറിച്ച്വിവരിക്കുന്നുണ്ട്.
“വൈസ് ചാന്സരലറായിരുന്ന ഡോ. ബി ഡി നാഗ്ചൌധരിയെ രാജിവെപ്പിക്കാന്‍ വിദ്യാർഥി പ്രക്ഷേഭങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഇന്ദിരാ ഗാന്ധി പദവിയിൽ നിർബന്ധപൂർവ്വം തുടരുന്ന സാഹചര്യമായിരുന്നു”.
ഇന്ദിരയുടെ വസതിയിൽ എത്തിയ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. അടിയന്തരാവസ്ഥയിലെ കുറ്റവാളികൾക്ക് എതിരെയായിരുന്നു മുദ്രാവാക്യം.
പതിനഞ്ച് മിനിറ്റ് മുദ്രാവാക്യം തുടർന്നപ്പോഴാണ് ഇന്ദിരാഗാന്ധി പുറത്തേക്ക് വന്നത്. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി ഓം മേത്തയും മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു.
ഇന്ദിരാഗാന്ധിയുടെ അധികാരഭാവത്തോടെയുള്ളതെങ്കിലും ഹൃദ്യമായ വ്യക്തിത്വം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ഭാവത്തിലായിരുന്നു. മുദ്രാവാക്യങ്ങളോട് ആദ്യം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. അപ്പോള്‍ വിദ്യാർഥി യൂണിയന്റെ ആവശ്യങ്ങള്‍ യെച്ചൂരി വായിച്ചു തുടങ്ങി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയതുകൂട്ടിയ അതിക്രമങ്ങള്‍ ഓരോന്നായി വായിക്കാൻ ആരംഭിച്ചതോടെഅവരുടെ ചിരിമാഞ്ഞു. അസ്വസ്ഥയായി അനുയായികൾക്കൊപ്പം പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.
പിന്നെയും പ്രസംഗങ്ങളുമുണ്ടായി. കുറ്റപത്രം ഇന്ദിരയെ നേരിട്ട് വായിച്ച് കേൾപ്പിക്കാൻ സമരക്കാർക്ക് സാധിച്ചു. നിവേദനം അവിടെ തന്നെ ഉപേക്ഷിച്ച് വിദ്യാർഥികൾ എല്ലാവരും മുദ്രാവാക്യങ്ങളോടെ മടങ്ങി. അടുത്ത ദിവസമാണ് ഇന്ദിരാഗാന്ധി ചാന്സിലർ സ്ഥാനം രാജിവെക്കുന്നതായുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്.