പൊന്നിയാകുറുശ്ശി കാരയില്‍ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മകന്‍ വിനോദിനെ (27) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ഭാര്യയും മറ്റൊരു മകനായ പ്രദീപും ചേര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ആള്‍ മരിച്ചതായി സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തലേദിവസം ഉണ്ണിക്കൃഷ്ണനും വിനോദും തമ്മില്‍ അടിപിടി നടന്നതായും അതിനിടയില്‍ സംഭവിച്ച പരിക്കാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.