നിയമന തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ കൂടുതൽ പരാതികൾ. ചോദ്യം ചെയ്യാനായി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിച്ചു.
വ്യാജ തിരിച്ചറിയല്‍കാര്‍ഡ് നിര്‍മാണത്തില്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിന് ഇരുട്ടടിയായാണ് ഉയര്‍ന്ന നേതാവിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.
എം പി ക്വാട്ടയിൽ ജോലി വാഗ്ദാനം
പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ എം.പി ക്വാട്ടയിൽ തൊഴിൽ അവസരം ഉണ്ടെന്നാണ് അരവിന്ദ് തട്ടിപ്പിന് ഇരയായവരെ വിശ്വസിപ്പിച്ചത്.
പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി. നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുളള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് അരവിന്ദ് വെട്ടിക്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ആറന്മുള പൊലീസാണ് കേസെടുത്തത്.
പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴഞ്ചേരി ആശുപത്രിക്ക് മുന്നിൽ വച്ച് വ്യാജ നിയമന ഉത്തരവും നൽകി. ഈ ഉത്തരവിന്‍റെ ഒരു പകർപ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന പദവി ഉപയോഗിച്ചാണ് വിശ്വാസ്യത നേടിയത്. ആരോഗ്യവകുപ്പിൽ നിയമനത്തിന് എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്ദാനം. ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. ഇതുപ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
തട്ടിപ്പിന് ഇരയായവർ നിശ്ശബ്ദമായി, ആരോഗ്യ വകുപ്പ് തന്നെ പരാതിയുമായി എത്തി
തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി വ്യാജ ഉത്തരവ് പ്രചരിപ്പിക്കുകയും വിഷയം ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഡയറക്ടറേറ്റിലെ സെക്‌ഷൻ ഓഫിസറുടെ പേരിൽ വ്യാജ ലെറ്റർപാഡ് തയാറാക്കിയാണ് തട്ടിപ്പു നടത്തിയത്.
ബെവ്ക്കോയിൽ നിയമനം വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശിയായ ദമ്പതി കളിൽ നിന്നും ഒന്നര ലക്ഷമാണ് അരവിന്ദ് വാങ്ങിയത്. ആറൻമുള, തിരുവല്ല, കരുവാറ്റ സ്വദേശികളാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
നഴ്സിംഗ് സീറ്റ് വാദ്ഗാനം ചെയ്തും അരവിന്ദ് തട്ടിപ്പ് നടത്തിയതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചു. പാലയിലുള്ള ഒരാള്‍ വഴിയാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങിയെന്നാണ് വിവരം. തൊഴിൽ തട്ടിപ്പിന് ഇരയായവർ പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാൻ മടിക്കുകയാണ്. പണം നൽകി തൊഴിൽ നേടാൻ ശ്രമിച്ചു എന്ന പ്രശ്നവും ഇതിലുണ്ട് എന്നാണ് പൊലീസ് പറയുന്നത്.