ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിൻ്റെ പരിക്ക്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരത്തിന് നെയ്മര്‍ ഇറങ്ങില്ല. കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും നെയ്മര്‍ക്ക് കളിക്കാൻ കഴിയില്ല എന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.
വലതു കാലിലെ ലിഗമെൻ്റിന് തകരാർ സംഭവിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ഡാനിലോയും പരിക്കേറ്റ് പുറത്താണ്. കാൽ പാദത്തിലേറ്റ ചതവ് കാരണം കളിക്കാൻ പറ്റാത്ത അവസ്ഥയാണ്. 2002 ന് ശേഷം ബ്രസീൽ വേൾഡ് കപ്പ് പ്രതീക്ഷ പുലർത്തുന്ന അവസരത്തിലാണ് താരങ്ങൾക്ക് പരിക്കേറ്റ് പുറത്ത് നിൽക്കേണ്ടി വരുന്നത്.
സെര്‍ബിയയുമായുള്ള മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. കണങ്കാലിന് പരിക്കേറ്റതോടെ നെയ്മറിനെ കോച്ച് തിരിയെ വിളിക്കുകയായിരുന്നു. ബ്രസീലിന്റെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻ്റുമായി നവംബർ 28 നാണ് ബ്രസീലിൻ്റെ അടുത്ത കളി.
പരിക്ക് ഗുരുതരമാണോയെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. 48-മണിക്കൂറിന് ശേഷം മാത്രമേ പറയാനാകൂവെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലെസ്മാറുടെ അഭിപ്രയ പ്രകടനവും ആശങ്ക പകരുന്നു. കോച്ച് ടിറ്റെ നെയ്മർ ഇറങ്ങിയേക്കും എന്ന സൂചന നൽകിയിരുന്നു എങ്കിലും ഡോക്ടറുടെ വിലയിരുത്തൽ നിർണ്ണായകമാവും.

സെര്‍ബിയയുമായുള്ള ആദ്യ മത്സരത്തില്‍ നെയ്മര്‍ ഒമ്പത് തവണയാണ് ഫൗള്‍ ചെയ്യപ്പെട്ടത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരം കൂടിയാണ് നെയ്മര്‍. ഇത് ആവർത്തിച്ചാൽ താരത്തെ നഷ്ടമാകുന്ന സാഹചര്യമാവും. ഇതാണ് ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്.


