തന്റെ പേരില്‍ രാഹുൽ ഗാന്ധിക്ക് എഴുതിയതായി പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ടെന്നും സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുലിനെ അലോരസപ്പെടുത്തില്ല.
‘ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിവാക്കണം, വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകുന്നില്ല എന്നിങ്ങനെ ആരോപിക്കുന്നതായുള്ള കത്താണ് കെ സുധാകരൻ്റെ പേരിൽ വാർത്തയായത്.
കോണ്‍ഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതില്‍ നിന്ന് തന്നെ സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം ഒരു വാര്‍ത്തയുടെ ബുദ്ധികേന്ദ്രം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകിലുണ്ട്. അത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തകര്‍ കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.


