Monday, August 18, 2025

ആം ആദ്മി ട്വൻ്റി 20 ലയന നീക്കം; കേരളത്തിലേക്ക് കണ്ണെറിഞ്ഞ് കെജരിവാൾ

കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് ലയനത്തിന് ഉപായങ്ങൾ തേടി. പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ്.ട്വന്റി 20 നേതാവ് സാബു എം ജേക്കബ് ലയന ചർച്ച എന്ന സൂചന നിഷേധിക്കുന്നുണ്ട്.

മെയ് 15-ന് ആംആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തുന്നുണ്ട്. കിഴക്കമ്പലത്ത് ട്വന്റി 20 സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ ലയന സാധ്യത തെളിയുമെന്നാണ് വിലയിരുത്തൽ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഇതിനുള്ള ഒരു ചവിട്ട് പടിയായിട്ടാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനേയും കാണുന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറുപ്പിക്കുക എന്ന കൃത്യമായ ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനുണ്ട്. കര്‍ണാടക സന്ദര്‍ശനവും പാർട്ടി വിപുലീകരണം ലക്ഷ്യമാക്കിയായിരുന്നു.

കേരള രാഷ്ട്രീയത്തിൽ ട്വൻ്റി 20 ഇനിയും വളർച്ച കൈവരിക്കാൻ സാധ്യത കുറവാണ്. എന്നാൽ എ എ പി കൂടി എത്തുന്നതോടെ മറ്റു മേഖലകളിലേക്കും സാന്നിധ്യമാവും. ഇത് പുതുവഴി തുറക്കാം എന്ന പ്രതീക്ഷ ഇരുപാർട്ടികളിലും ഉണ്ട്. കെജരിവാൾ സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ദുർബലമാണെന്ന വിലയിരുത്തലുണ്ട്. ട്വൻ്റി 20 വഴി വ്യത്യസ്തമായ ഒരു പ്രവേശനത്തിന് കേരളത്തിൽ സാധ്യത തേടലാവും ഉണ്ടാവുക.

പ്രായോഗികതയുടെ ആദർശം

അവസരത്തിനൊത്ത രാഷ്ട്രീയം പ്രയോഗിക്കുക എന്നതാണ് കെജ്‌രിവാൾ മോഡൽ രാഷ്ട്രീയത്തിന്റെ പ്രധാന പ്രത്യേകത. വലിയ സിദ്ധാന്തങ്ങൾക്കും കൂറ്റൻ പ്രൊജക്ടുക്കും പകരം അടിസ്ഥാന പ്രശ്‌നങ്ങളിലാകും ശ്രദ്ധ. അതോടൊപ്പം ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നോ അതിനൊപ്പമായിരിക്കും ഓരോ പ്രശ്‌നങ്ങളിലേയും രാഷ്ട്രീയ നിലപാട്. ഡൽഹി കലാപ സമയത്ത് ഇത് കണ്ടതാണ്. കാർഷിക ബിൽ അവതരിപ്പിക്കുന്ന വേളയിലും ഇത് ദൃശ്യമായിരുന്നു. പിന്നീട് പ്രക്ഷോഭത്തിനൊപ്പമാണ് ആൾക്കൂട്ടമെന്ന് കണ്ടതോടെയാണ് കർഷക പ്രക്ഷോഭകർക്കായി ഡൽഹിയിൽ സൗകര്യങ്ങളൊരുക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. 

പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് രാജ്യത്ത് രണ്ട് മുഖ്യ മന്ത്രിമാരാണുള്ളത്. ഇപ്പോൾ ഇക്കാര്യത്തിൽ എ എ പിക്കും തുല്യ ശക്തിയുണ്ട്. ഇതാദ്യമായല്ല എ എ പി ദേശീയ തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നത്. നേരത്തേയും ഈ അഭിലാഷവുമായി പലവട്ടം ഡൽഹിക്ക് പുറത്തേക്കിറങ്ങിയിരുന്നു. പരാജയമായിരുന്നു ഫലം. എങ്കിലും പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വലിയ വിജയം കണക്കിലെടുക്കുമ്പോൾ ഇത് അവസരമാണ്. ഈ വൻ വിജയത്തിന് ശേഷം ആളുകൾ ആം ആദ്മി പാർട്ടിയെ വ്യത്യസ്തമായി കാണുമെന്നും ഡൽഹിയിലെ സർക്കാറിന്റെ പ്രവർത്തനത്തിന് സമാനമായി പഞ്ചാബിലും പ്രവർത്തിച്ചാൽ ദേശീയ തലത്തിലുള്ള വ്യാപനം സാധ്യമാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ സഖ്യം സാധ്യമായാൽ എ എ പിക്ക് വിലപേശൽ ശേഷി വർധിക്കും. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും എ എ പിയുടെ രംഗപ്രവേശനം പ്രഥമ ഭീഷണി ഉയർത്തുന്നത് കോൺഗ്രസ്സിനാണ്. കേരളത്തിൽ ഇത് ഇടതുപക്ഷത്തും ചലനങ്ങൾ സൃഷ്ടിക്കാം.

കെജ്‌രിവാൾ ഭൂരിപക്ഷ സമുദായത്തോടൊപ്പം നിലകൊള്ളുന്നു, പക്ഷേ മുസ്‌ലിം വിരുദ്ധനല്ല എന്ന പ്രതിഛായയാണ് സൃഷ്ടിക്കുന്നത്.

2012ലെ “ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനത്തിൽ നിന്നാണ് എ എ പി പിറവിയെടുക്കുന്നത്. യു പി എ കാലത്ത് നടന്ന അഴിമതിക്കെതിരെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭമായിരുന്നു ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ. അന്നാ ഹസാരെയായിരുന്നു ഇത് നയിച്ചിരുന്നത്. പിന്നീട് ഇത് ബി ജെ പിയെ അധികാരത്തിൽ ഏറ്റുന്നതിനും കോൺഗ്രസിൻ്റെ തകർച്ചയ്ക്കും സഹായിച്ചു. അന്നാ ഹസാരെ തന്നെ ആരോപണ നിഴലിലായി.

ജൻ ലോക്പാൽ ആവശ്യമുയർത്തിയുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സംഘാടകനായി കടന്നുവന്ന കെജ്‌രിവാളും സഹ നേതാക്കളും ചേർന്നാണ് എ എ പി രൂപവത്കരിച്ചത്. 2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി ഡൽഹിയിലെ ഏറ്റവും വലിയ രണ്ടാമത്ത ഒറ്റക്കക്ഷിയായി. ബി ജെ പിയായിരുന്നു ഏറ്റവും വലിയകക്ഷി. എങ്കിലും കേവല ഭൂരിപക്ഷമില്ലായിരുന്നു. കോൺഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ എ പി സർക്കാറുണ്ടാക്കിയാണ് ആദ്യമായി അധികാരത്തിലേറുന്നത്.

കെജ്‌രിവാൾ മുഖ്യമന്ത്രിയായി. എന്നാൽ, ജൻ ലോക്പാൽ ബില്ലിനെതിരെ നിയമസഭയിൽ എതിർത്ത് കോൺഗ്രസ്സ് വോട്ട് ചെയ്തതോടെ 49 ദിവസം മാത്രം പ്രായമുള്ള സർക്കാറിനെ ഉപേക്ഷിച്ച് കെജ്‌രിവാൾ രാജിവെച്ച് തരംഗം പുതുക്കി.

2015 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി തൂത്തുവാരി. പാർട്ടിയുടെ പ്രമുഖ നേതാക്കളായിരുന്ന യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്തു ചാടിച്ചതോടെ എ എ പി കെജരിവാൾ പാർട്ടിയായി. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ എ പിക്ക് ഡൽഹിയിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും നേടി വീണ്ടും വിജയിച്ചതോടെ പാർട്ടിയുടെ പ്രതീക്ഷകൾ സജീവമായി. വെള്ളം, വൈദ്യൂതി എന്നിവ കുറഞ്ഞ വിലയ്ക്ക് നൽകി. ഗെറ്റോകളിൽ താമസിക്കുന്ന മനുഷ്യരെ സാധാരണ പൗരൻമാരെ പോലെ പരിഗണിച്ചു. റിക്ഷാവാലകൾക്ക് സമ്മേളനങ്ങളിൽ ഇടം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വൈറ്റ് കോളർ രാഷ്ട്രീയ പാർട്ടി ലേബൽ ഏറ്റു വാങ്ങിയപ്പോൾ എ എ പി ജനങ്ങളിലേക്ക് തെരുവിലേക്ക് ഇറങ്ങി.

റേഷൻ ഷോപ്പുകൾ വിപുലീകരിച്ചും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചും ഡൽഹിയിലെ സാധാരണക്കാരനിലേക്ക് എ എ പി വളരെ കൂടുതൽ അടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പും ജനകീയ പദ്ധതികളിൽ ശ്രദ്ധ വിട്ടില്ല. അതിലൊന്നായിരുന്നു ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ്.

കേരളം പക്ഷെ വ്യത്യസ്ത രാഷ്ട്രീയ ബോധം നിലനിൽക്കുന്ന പ്രദേശമാണ്. ഇടത്തരം മധ്യവർഗ്ഗങ്ങളുടെ സംസ്ഥാനവുമാണ്. ഈ സാമൂഹിക മനശാസ്ത്രം എ എ പിയുടെ ഇപ്പോഴത്തെ തന്ത്രങ്ങൾ കൊണ്ട് എങ്ങിനെ ഭേദിക്കും എന്നത് പ്രധാനമാവും.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....