ആംനസ്റ്റി ഇന്ത്യ മേധാവി ആകര്‍ പട്ടേലിനെതിരായി സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ ഡൽഹി കോടതി ഉത്തരവ് നൽകി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്.
കേസില്‍ തൻ്റെ കീഴുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിച്ചുകൊണ്ട് സി.ബി.ഐ ഡയറക്ടര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി കണ്ടെത്തിയാണ് കോടതി ഉത്തരവ്.
വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തൻ്റെ പേരില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകര്‍ പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. ജോലി ആവശ്യാര്‍ഥവും വിവിധ സര്‍വകലാശാലകളുടെ പരിപാടികളില്‍ പങ്കെടുക്കാനുമായി അമേരിക്കയില്‍ പോകാനുള്ള അനുമതിയും ഹര്‍ജിക്കാരന്‍ തേടിയിരുന്നു.
എന്നാൽ ആകര്‍ പട്ടേലിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേസമയം പൗരന്‍മാരുടെ അവകാശങ്ങള്‍ സി.ബി.ഐ നിഷേധിക്കുകയാണെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ ആകര്‍ പട്ടേലിനെ കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി 2020 സപ്തംബറിൽ ആംനെസ്റ്റി ഇൻ്റർ നാഷണൽ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണ രംഗത്തെ ലോക സംഘനയായ ആനെസ്റ്റിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് പരാതിപ്പെട്ടായിരുന്നു പ്രഖ്യാപനം. ധനകാര്യ ഏജൻസികൾ നിരന്തരം പരിശോധനകൾ നടത്തിയിരുന്നു. അന്നെത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാറാണ് സാഹചര്യം വിവരിച്ചത്.
സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ആംനസ്റ്റിയുടെ ഇന്ത്യൻ ശാഖ എന്ത് ചട്ട ലംഘനങ്ങളാണ് നടത്തിയതെന്ന് വ്യക്തമല്ല. തങ്ങൾ എല്ലാ നിയമങ്ങളും പൂർണമായും പാലിക്കുന്നതാണെന്ന് സംഘടനയാണ്. ധനസമാഹരണ മാതൃകയെ കള്ളപ്പണം വെളുപ്പിക്കൽ നടപടിയായി ചിത്രീകരിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണ് എന്നും പറഞ്ഞു.
2020 ലെ വിദേശ സംഭാവന (റെഗുലേഷൻ) ഭേദഗതി ബില്ലോടെയാണ് മനുഷ്യാവകാശ സംഘടനകൾ വരെ ഇത്തരത്തിൽ പരിശോധനകൾക്കും നിരന്തര നടപടികൾക്കും വിധേയമായത്.