Friday, February 20, 2026

“മന്ത്രിമാരെ പിൻവലിക്കും-” ഗവർണറുടെ ട്വീറ്റിന് പിന്നാലെ വിവാദം; അസാധാരണ സംഭവങ്ങളിലേക്ക് കേരള ഭരണ സംവിധാനം

 മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ് ഉണ്ടായത്. ഇത് ട്വീറ്റ് ചെയ്യുകയായിരുന്നു. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പോടെ അസാധാരണ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. 

രാഷ്ട്രപതി ഇടപെടണം – സി പി എം

ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജനാധിപത്യമായതിനാൽ ഭീഷണി കണക്കാക്കുന്നില്ല- സി പി ഐ

ഇതിനിടെ മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഗവർണറുടെ പരാമർശത്തെ വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നത് – വി ഡി സതീശൻ

കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാർ-ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. 

നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സതീശൻ, പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും ചോദിച്ചു. 

മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു

സർക്കാരും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻറെ എടുത്തു ചാടിയ ട്വീറ്റ്. ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകൾ സമീപകാലത്ത് പ്രകോപനമായിരുന്നു. സർവകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെ നേരത്തെ മന്ത്രി വിമർശിച്ചിരുന്നു.

വാർത്തകളിൽ നിറച്ച് ഗവർണർ

സര്‍ക്കാര്‍ നടപടികളില്‍ തനിക്കുള്ള നീരസം പലവട്ടം തുറന്ന് പറഞ്ഞിട്ടുമുണ്ട് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മടക്കി. പിന്നീട് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ അത് പരിഹിക്കുകയാണ് പതിവ്. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും പിന്നീട് മയപ്പെടുകയും ചെയ്യുന്ന ഗവര്‍ണറുടെ ഈ നിലപാടിനെ പ്രതിപക്ഷം പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്.

സർക്കാരിനെതിരെ പത്രസമ്മേളനം നടത്തിയ ആദ്യത്തെ ഗവർണർ

രാഷ്ട്രീയും ഭരണപരവുമായ വിവിധ വിഷയങ്ങളെച്ചൊല്ലി തമ്മില്‍ കലഹിച്ച ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പരസ്യമായി പുറത്തുവന്നത് അദ്ദേഹം സര്‍ക്കാരിനെതിരേ പത്രസമ്മേളനം വിളിച്ചതോടെയാണ്. പത്രസമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അവുന്നത് ശ്രമിച്ചെങ്കിലും അനുയനനീക്കങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ചീഫ് സെക്രട്ടറി വി.പി. ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ടു കണ്ടെങ്കിലും പിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഇടഞ്ഞു ഗവര്‍ണറുടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ തുറന്നയുദ്ധപ്രഖ്യാപനമായിരുന്നു രാജ്ഭവനില്‍ അസാധാരണമായി വിളിച്ചുചേര്‍ത്ത ആ പത്രസമ്മേളനം.

ഒരു ഗവര്‍ണര്‍ മന്ത്രിസഭയ്‌ക്കെതിരേ പത്രസമ്മേളനം വിളിക്കുന്നത് കേരള ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനത്തില്‍ വഴിവിട്ട നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. ആരോപണം തെളിയിക്കുന്നതിനായി മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളും അദ്ദേഹം പുറത്തുവിട്ടു. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കുനേരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് പങ്കുണ്ടെന്ന് ആരോപിച്ചു. കണ്ണൂരിലെ പ്രതിഷേധത്തിനിടെ രാഗേഷ് പോലീസുകാരെ തടഞ്ഞു എന്ന് പറഞ്ഞ് ചില ദൃശ്യങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

രാഷ്ട്രീയമായി തിരിച്ചടിച്ച് മുഖ്യമന്ത്രി

എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചത്. കൈയൂക്കുകൊണ്ടല്ല കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നതെന്ന് മനസ്സിലാക്കണമെന്നും ചരിത്രം മനസ്സിലാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ശ്രമിക്കുന്ന നിലവാരത്തിലേക്ക് ഗവര്‍ണര്‍ താഴുകയാണെന്നും അണികളേക്കാള്‍ ആര്‍.എസ്.എസ്. വിധേയത്വമാണ് ഗവര്‍ണര്‍ക്കെന്നുമാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നറിയില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...