ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ആര്യൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് കോടതിയിൽ എൻ സി ബി പ്രത്യേക അന്വേഷക സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
നേരത്തെ റെയിഡ് നടത്തിയ എൻ സി ബി സംഘത്തിനെതിരെ അഴിമതിയും രാഷ്ട്രീയ ലക്ഷ്യവും ആരോപിച്ച് വിവാദങ്ങൾ കൊഴുത്തതോടെയാണ് പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചത്.
ലഹരി കേസിൽ 14 പേർക്കെതിരയാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചത്. 10 വാള്യങ്ങളിലായാണ് എൻ.സി.ബി. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രം. കഴിഞ്ഞ വർഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടിയിൽ റെയിഡ് നടത്തിയത്. ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നേരത്തേ എൻ സി ബി റിപ്പോർട്ട് ചെയ്തിരുന്നത്.
ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ തന്നെ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല.
ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രാഷ്ട്രീയമായ പകപോക്കലും വിലപേശലും ഇതിനു പിന്നിൽ ആരോപിക്കപ്പെട്ടിരുന്നു.
2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആര്യൻ ഖാനെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തിയുടെ ചിത്രം സഹിതം വാർത്തകൾ ഉണ്ടായിരുന്നു. നേരത്തെ ഷാരൂഖ് ഖാൻ വർഗ്ഗീയതയ്ക്കും മതവിഭാഗീയതകൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരുന്നു.


