രാജ്യത്തിൻ്റെ സാമ്പത്തിക നിലയിൽ ആശങ്ക പെരുകുന്നു. രൂപയുടെ മൂല്യം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എത്തി. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. ഒരു അമേരിക്കൻ ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ നൽകേണ്ടി വരും.
നോട്ട് നിരോധനവും കോവിഡ് അനന്തര ലോക സാഹചര്യവും എല്ലാം ഇന്ത്യൻ രൂപയെ തകർത്തു.
വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത് എന്നാണ് വാദിക്കുന്നത്.
റഷ്യ-യുക്രൈന് യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിക്കുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് കടുത്ത പ്രതിസന്ധിയായി. അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതിയും നിലനിൽക്കുന്നു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ഇന്ത്യൻ രൂപയ്ക്ക് എതിരെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.


