തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടന് ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.
അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന് അന്തിക്കാട്, ഫാസില്‍, പ്രിയദര്ശന്, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകൻ, പ്രിയ താരം
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച്. സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. സിനിമാ മോഹവുമായി ചെന്നെയിൽ എത്തി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം.
മറക്കാത്ത സിനിമകൾ
പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്ജുനന് പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടന് മത്തായി ആൻഡ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലര്‍, സ്നേഹിതന്, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്കര വീരന്, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന് ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.
1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍.


