പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിലായി. മത യാഥാസ്ഥിതിക ഭരണകൂടത്തിന് എതിരെ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് അറസ്റ്റ് സ്ഥിരീകരിച്ചു.
ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവർ ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു. പ്രക്ഷോഭകർക്ക് എതിരെ മരണ ശക്ഷ പ്രഖ്യാപിക്കുന്നതിന് എതിരെ ഇവർ പ്രതിഷേധം ഉയർത്തുകയും ചെയ്തു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അലിദോസ്തിയെക്കൂടാതെ ഫുട്ബോൾ താരങ്ങൾ, നടീനടന്മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചിൽ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരൽപോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകൾ മാനവികതയ്ക്കുതന്നെ അപമാനമാണെന്നും അവർ അന്ന് കുറിച്ചിരുന്നു. ഇതിന തുടർന്ന് എട്ട് മില്യൺ ഫോളോവേഴ്സ് ഉള്ള ഇവരുടെ പേജ് പൂട്ടിച്ചു.
പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി നടി അഭിനയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ അവർ ഇറാൻ സിനിമാലോകത്തെ മീ ടൂ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
2016-ല്‍ പുറത്തിറങ്ങിയ ‘ദ സേയില്‍സ്മാന്‍’ എന്ന ഓസ്കര് പുരസ്കാരം നേടിയ ചിത്രത്തിലൂടെയാണ് അലിദോസ്തി ശ്രദ്ധേയയായത്. ഈ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അലിദോസ്തിയുടെ ‘ലേയ്ല ബ്രദേഴ്സ്’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു.


