മുഹമ്മദ് നബിയെ പരാമർശിച്ച് വിവാദ പ്രസംഗം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്നും ഇതോടൊപ്പം കോടതി ആവശ്യപ്പെട്ടു.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് . വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തുകയും ചെയ്തു.
വിമർശനം ഏറ്റുവാങ്ങി, പരാതി പിൻവലിച്ചു
തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്തിയത്.
ഡൽഹി പൊലീസിനും വിമർശനം
ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമർശിച്ച കോടതി നൂപുറിൻ്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജിയും പിൻവലിച്ചു.
നൂപുർ ശർമ്മയുടെ പരാമർശത്തെ തുടർന്നുണ്ടായ ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. ആഗോള തലത്തിൽ ഇന്ത്യയ്ക്ക് എതിരായ വിമർശനത്തിന് പരാമർശം കാരണമാക്കുകയും ചെയ്തു.
കോടതിയിൽ പറഞ്ഞതും കോടതി പറഞ്ഞതും
ചാനല്‍ ചര്‍ച്ചയില്‍ അവതാരകയുടെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍, എന്നാല്‍ എന്തുകൊണ്ട് അവതാരകയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി ആരാഞ്ഞു. ഡല്‍ഹി പോലീസിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. ജീവന് ഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് എന്തുകൊണ്ട് നൂപുറിനെതിരെ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാപ്പ് പറയാന്‍ അവര്‍ വൈകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ എന്ന നിബന്ധയോടെയാണ് മാപ്പ് പറഞ്ഞത്. ഇത് സ്വീകാര്യമല്ല. നൂപുര്‍ ശര്‍മ മാധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധിക മാപ്പ് പറയണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
ഒരേ കുറ്റത്തിന് വിവിധ എഫ്ഐആറുകള്‍ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പല കേസുകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍, നൂപുര്‍ ശര്‍മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഹര്‍ജി അഭിഭാഷകര്‍ പിന്‍വലിച്ചു.
പാർട്ടി വക്താക്കൾക്ക് മാധ്യമ സ്വാതന്ത്യത്തിൻ്റെ പരിരക്ഷയില്ല
വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി. രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ നിയമം പാലിക്കാതെ എന്തും പറയാനുള്ള ലൈസസന്‍സ് ഇല്ല. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ കരുതിയോയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.


