ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത സംഗീതകാരൻ എ.ആര്. റഹ്മാൻ്റെ പൂനെയിലെ സംഗീതനിശ പൊലീസ് ഇടപെട്ട് നിർത്തി വെപ്പിച്ചു. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയി എന്ന പേരു പറഞ്ഞാണ് പോലീസ് ലൈവ് വേദിയിൽ എത്തി പരിപാടി തടഞ്ഞത്.
സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടർന്നു. ഇത് സുപ്രീം കോടതി വിധിക്ക് എതിരാണ് എന്ന് വാദിച്ചാണ് പൊലീസ് ഓഫീസർ എത്തി നിർത്തി വെപ്പിച്ചത്.
എ ആർ റഹ്മാൻ പരിപാടിയിലെ അവസാന ഗാനം പൂർത്തിയാക്കാൻ ഇരിക്കുമ്പോഴായിരുന്നു പൊലീസ് ഇടപെടൽ എന്ന് വാർത്താ ഏജൻസികൾ പറയുന്നു.തന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു റഹ്മാന്.
ബിഗ് ബോസ് 16 ലെ ഹിറ്റ് താരം അബ്ദു റോസിക്കും ഒത്താണ് എ ആർ റഹ്മാൻ ഷോ ചെയ്തിരുന്നത്. ഇതിനകം താരമായി മാറിയ ഈ മൂന്നടിക്കാരൻ താജിക്കിസ്ഥാനിൽ നിന്നുള്ള പാട്ടുകാരനാണ്.
അടുത്തിടെ എ ആർ റഹമാനും ഭാര്യയും ഒത്തുള്ള ഒരു സ്റ്റേജ് ഷോയിൽ ഹിന്ദിയിൽ സംസാരിച്ച ഭാര്യയോട് തമിഴ് പറയൂ എന്ന് ആവശ്യപ്പെടുന്ന റഹ്മാൻ്റെ വീഡിയോ വൈറൽ ആയിരുന്നു.



