എക്സിക്യൂട്ടീവ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയെ തേടി കോഴിക്കോട് പൊലീസ് തൊഴിലാളി ക്യാമ്പുകളിൽ അന്വേഷണം നടത്തിയത് വാർത്തയായി. അക്രമി കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് പണിയെടുത്തിരുന്നത് എന്നാണ് വിവരങ്ങൾ ലഭിച്ചത്.
എറണാകുളം ഇരുമ്പനത്തെ ഫ്ളാറ്റിലും പൊലീസ് പരിശോധന നടത്തി. ഫ്ളാ റ്റിലെത്തി പൊലീസ് താമസക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയെ കണ്ടെത്താനായുള്ള പൊലീസ് ശ്രമം തുടരുകയാണ്. കോഴിക്കോട് സംശയിക്കുന്ന വ്യക്തി താമസിച്ചിരുന്ന അശോകപുരത്തെത്തി വിവരങ്ങൾ തിരക്കി. നാട്ടുകാരോടാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് തിരക്കിയത്. സമീപത്തു നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്.
കോച്ചിൽ രക്ത കറ എങ്ങിനെ വന്നു എന്നും അന്വേഷണം
രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തി. ഡി1, ഡി2 ബോഗികളിലാണ് പരിശോധന. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്.
ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരിക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു.
ട്രെയിനിലെ ആക്രമണം, പൊള്ളലേറ്റ് മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ ഖബറടക്കി
ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരീ പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് ഇവർ എന്നാണ് കരുതുന്നത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്.
മരിച്ച മട്ടന്നൂർ സ്വദേശി റഹ്മത്തിന്റേയും രണ്ടു വയസുകാരി സുഹറയുടെയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മൃതദേഹം ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് കബറടക്കിയത്.
നൗഫീഖിന്റെ മൃതദേഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചിരുന്നു. നിരവധി പേരാണ് നൗഫീഖിനെ അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തിയത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചിരുന്നു. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്.

ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറ പരിപാടിക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ അന്വേഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. ഇന്ന് ഉച്ചവരെ മക്കളെയൊന്നും മരണ വിവരം അറിയിച്ചിരുന്നില്ല. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു.
പ്രതി കസ്റ്റഡിയിലോ
കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.


