എസ്.എഫ്.ഐയുടെ എം പി ഓഫീസ് മാർച്ച് അതിക്രമത്തിൽ കലാശിച്ചതിനെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ഇങ്ങനെയല്ല രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
അവസരമാക്കി കോൺഗ്രസ്, ഉടനീളം പ്രതിഷേധം
ബഫർസോണുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം വ്യാപിപ്പിച്ചു. വയനാടിലെ കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തും പാലക്കാടും കൊച്ചിയിലും കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് എകെജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാർ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ ബോർഡിൽ കരി ഓയിൽ ഒഴിച്ചു.
അച്ചടക്ക നടപടിക്ക് നേതൃത്വം
എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മാർച്ചു നടത്തിയതിൽ കാര്യമില്ലെന്ന് ഇ പി
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജൻ വ്യക്തമാക്കി. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഡൽഹിയിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.


