ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനുമായ മലയാളി താരം പി.ആര്‍.ശ്രീജേഷിൻ്റെ ഹോക്കി കിറ്റിന് അധിക ചാർജ് ഈടാക്കി ഇൻഡിഗോ എയർലൈൻസ്. തൻ്റെ ഹോക്കി സ്റ്റിക്കിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക ഫീസ് ഈടാക്കിയെന്ന് ശ്രീജേഷ് ട്വീറ്ററിലൂടെ വ്യക്തമാക്കി. ഒളിമ്പിക് മെഡൽ ജേതാവിനെ തിരിച്ചറിയാത്ത എയർലൈൻസ് നടപടി ഓൺലൈൻ മീഡിയകളിൽ വ്യാപകമായി വിമർശിക്കപ്പെട്ടു.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. 41 ഇഞ്ചുള്ള ഹോക്കി സ്റ്റിക്കിന് അധിക ചാര്‍ജായി വിമാനക്കമ്പനി 1500 രൂപയാണ് ഈടാക്കിയത്.
38 ഇഞ്ചില്‍ കൂടുതലുള്ള വസ്തു സൗജന്യമായി കൊണ്ടുപോകാനാകില്ലെന്നും അതിന് മുകളിലുള്ളതിന് പ്രത്യേക ഫീസ് നല്‍കണമെന്നും വിമാനക്കമ്പനി പറഞ്ഞതായി ശ്രീജേഷ് കുറിച്ചു. ശ്രീജേഷിന്റെ ഹോക്കി കിറ്റില്‍ 41 ഇഞ്ചുള്ള സ്റ്റിക്കാണുള്ളത്.
‘ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്‍ഡിഗോ വിമാനക്കമ്പനി 38 ഇഞ്ചില്‍ കൂടുതലുള്ള സ്റ്റിക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. എന്ത് ചെയ്യും? ഗോള്‍കീപ്പറുടെ കിറ്റ് കൊണ്ടുവരാന്‍ എനിക്ക് അധികമായി 1500 രൂപ നല്‍കേണ്ടിവന്നു’- ശ്രീജേഷ് കുറിച്ചു. കൊള്ള എന്ന ടാഗും കൊടുത്തിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ വലിയൊരു താരത്തോട് ഇത്തരത്തിലൊരു മോശം പ്രവൃത്തി ചെയ്ത ഇന്‍ഡിഗോ അധികൃതര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അടുത്ത മാസം ആരംഭിക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് താരം ബെംഗളൂരുവിലെത്തിയത്.


