സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾ തമ്മിലുണ്ടായ പ്രശ്നം മാത്രം
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല.
മ്യൂസിയം പൊലീസ് സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു.
സി സി ടി വി സ്ഥാപിക്കും
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് സിസിടിവി കാമറ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂളിൽ റാഗിങ് നടന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആവശ്യമെങ്കിൽ സ്കൂൾ അധികൃതരുമായും പിടിഎയുമായും ചർച്ച ചെയ്യും. എന്നാൽ തന്റെ എംഎൽഎ ഫണ്ടിൽനിന്ന് തുക വകയിരുത്തി ഉടൻ സിസിടിവി സ്ഥാപിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്കൂളിൽ പ്രത്യേക യോഗം ചേർന്നിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിഷയം ആഴത്തിൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ പ്രശ്നത്തെ വലുതാക്കി സമൂഹമാധ്യമങ്ങളിലടക്കം അപവാദ പ്രചാരണം നടത്തുന്നതും പരിശോധിക്കും.