സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും. തുടർച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രൻതിരഞ്ഞെടുക്കപ്പെടുന്നത്.
101 അംഗ സംസ്ഥാന കൗൺസിലിനേയും തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനേയും കെഇ ഇസ്മയിലിനേയും ഒഴിവാക്കി. ഇഎസ് ബിജിമോള്‍ക്കും കൗണ്‍സിലില്‍ ഇടം കിട്ടിയില്ല.
കെ.ഇ ഇസ്മയില്‍ നിര്‍ദേശിക്കുകയും പന്ന്യന്‍ രവീന്ദ്രന് പിന്താങ്ങുകയും ചെയ്തതോടെയാണ് കാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.
മത്സരം ഒഴിവാക്കി കേന്ദ്ര നേതൃത്വം
കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
എൻ.ഇ. ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിന്നു. നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ല കാഴ്ചപ്പാട് പങ്കുവെക്കപ്പെട്ടു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകും എന്ന കർശന നിർദ്ദേശം ദേശീയ നിർദ്ദേശം നൽകിയിരുന്നു.


