സംസ്ഥാനത്ത് ഇക്കൊല്ലം കാലവർഷം അവസാനിച്ചപ്പോൾ 14 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ ശരാശരി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.
പക്ഷെ ഇത്തവണ പെയ്തിറങ്ങിയത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വർഷവും മഴ കുറവായിരുന്നു. 16 ശതമാനം കുറവുണ്ടായി. 2018 മുതൽ അധിക മഴ ലഭിച്ചിടത്താണ് ക്രമേണ കുറവ് കാണിക്കുന്നത് 2020ൽ ഒമ്പതു ശതമാനവും 2019ൽ 16 ശതമാനവും അധിക മഴ ലഭിച്ചു. 2018ൽ 23 ശതമാനവും അധിക മഴ ലഭിച്ചിരുന്നു.
ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്നതാണ് മഴക്കാലം. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 1746.9 മില്ലിമീറ്റർ മഴയാണ്. എന്നാൽ മഴയുടെ തീവ്ര മാസത്തിലും പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. അപ്പോൾ തന്നെ 13% കുറവ് വന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം ഇത്തവണ 24% കൂടുതൽ മഴ ലഭിച്ചു.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ. പക്ഷെ ജൂണിലെ മഴക്കുറവ് പരിഹരിക്കപ്പെട്ടില്ല. അതായത് പെയ്ത മഴ തന്നെ ഒന്നിച്ചെത്തി. ജൂണിലെ കുറവ് 52 ശതമാനമാണ് രേഖപ്പെടുത്തിയത്.
ഈ വർഷം സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. കാസർകോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്– 2785.7 മി.മീ. തൊട്ടടുത്ത് 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ് മഴ തിരുവനന്തപുരത്താണ്– 593 മി.മീ.
കാസർകോട് രണ്ടു ശതമാനം കുറവ് മഴ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത് 30 ശതമാനം മഴ കുറവാണ്.


