കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെ എതിർത്തതിൻ്റെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ. സിൽവർലൈൻ പദ്ധതിക്കെതിരെ കടുത്ത രാഷ്ട്രീയ എതിർപ്പ് ഉയർത്തിയ സംസ്ഥാന നേതൃത്വത്തെ മറികടന്ന് പദ്ധതി തടഞ്ഞിട്ടില്ലെന്ന സൂചനയുമായി റെയിൽവേ മന്ത്രി രംഗത്ത് എത്തി.
അതിവേഗം ലോക നിലവാരത്തിലേക്ക് വളരുന്ന സാമൂഹിക സാഹചര്യമുള്ള കേരളത്തിൽ യുവ തലമുറയുടെ ഏറ്റവവും വലിയ വികസന ആവശ്യമായ പദ്ധതിയെ എതിർത്തതിൻ്റെ അപകടം തിരിച്ചറിയുകയാണ് ഇതിലൂടെ ബി ജെ പിയും. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സിൽവർ ലൈൻ പദ്ധതിയിലും പ്രതീക്ഷ നൽകി. സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര റെയിൽവേ മന്ത്രി ഇതിനെ തള്ളാതെ നിലപാട് എടുത്തു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിർപ്പുകൾക്ക് നേതൃത്വം നൽകിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിൽ എത്തുന്നത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ഒപ്പം വിഭജന രാഷ്ട്രീയത്തിന് അപ്പുറം ചിന്തിക്കുന്ന പുതുതലമുറയിൽ നിന്നും കേരളത്തിലെ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് തുടക്കമിടുക എന്ന ഉദ്ദേശത്തോട് കൂടിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മതാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ വൈകാരിക പ്രയോഗത്തെ ഇവിടെ ജയിപ്പിച്ചെടുക്കുക ശ്രമകരമാവും എന്ന തിരിച്ചറിവ് പ്രകടമാണ്.
സിൽവർ ലൈൻ പദ്ധതിയെ ബി ജെ പിയും കോൺഗ്രസും എതിർത്തിന് പിന്നിനൽ സി പി എമ്മിൻ്റെ തന്നെ പഴയ രാഷ്ട്രീയ തന്ത്രം ആരോപിക്കപ്പെട്ടിരുന്നു. ട്രാക്റ്ററും കമ്പ്യൂട്ടറും എക്സ്പ്രസ് ഹൈവേയും കേരളത്തിൽ അവതരിപ്പിച്ചപ്പോൾ അന്ധമായ രാഷ്ട്രീയ നിലപാടുകളിൽ സിപിഎം തളയ്ക്കപ്പെട്ടിരുന്നു. എന്നാൽ സിൽവർ ലൈൻ പദ്ധതി മുതൽ ഈ നിലപാടുകളിൽ പാർട്ടി പുതു തലമുറയുടെ തിരിച്ചറിവകൾക്ക് ഒപ്പം നിന്നു.
ഇതിനെ പഴഞ്ചൻ രാഷ്ട്രീയ ചിന്തകളും പ്രയോഗവും കൊണ്ട് മറികടക്കാം എന്ന പ്രതിപക്ഷ ശ്രമത്തെ എക്സ്പ്രസ് ഹൈവേ നടപ്പാക്കുക തന്നെ ചെയ്യും എന്ന ആവർത്തിക്കുക വഴി പുതിയ കാലത്തിന് ഒപ്പം എത്തി ചെറുക്കുകയായിരുന്നു പിണറായി സർക്കാർ. പാർട്ടിക്ക് അകത്ത് തന്നെ ബഹുദൂരം പഴയ ചിന്തകളിൽ നിൽക്കുന്നവർ ഉണ്ടെങ്കിലും മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയില്ല.
ഇപ്പോൾ ബി ജെ പി കേന്ദ്ര നേതൃത്വവും കേരളത്തിൻ്റെ നേർക്ക് യാഥാർത്ഥ്യങ്ങൾ മനസിലാക്കി നിൽക്കേണ്ടതുണ്ട് എന്ന നിലപാടിലേക്ക് എത്തുന്നു എന്ന സൂചനയാണ് സിൽവർ ലൈൻ നിലപാടു മാറ്റത്തിൽ.
തിരഞ്ഞെടുപ്പിന് വെള്ളി വെളിച്ചം പകർന്ന് മുൻപ് വികസന വണ്ടി
അതേസമയം വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.


