സത്യസന്ധതയും, നേര്‍വഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കുള്ള മേന്മകളെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രാദേശിക താരതമ്യം വിവാദത്തിൽ. കേരളത്തിലെ തെക്ക്-വടക്ക് മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ട്. എന്ന് പറഞ്ഞ് ലാങ്കാവിജയവും ഉദാഹരിച്ചാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗുണഗണങ്ങളിൽ കേരളത്തെ വിഭജിച്ചത്.
അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് തിരയിളക്കിയത്. ചരിത്രപരമായ വ്യത്യാസമുണ്ട് എന്ന് പറഞ്ഞിട്ട് ഞാന്‍ ഒരു കഥ പറയാം എന്ന് പറഞ്ഞുകൊണ്ട് ദേശത്തെ രാമയണ കഥയെ തമാശ രൂപത്തിൽ ഉദാഹരിച്ചു.
‘ രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു തോന്നല്‍. പക്ഷെ അതിന്‍റെ ഭവിഷ്യത്ത് ആലോചിച്ചപ്പോഴേക്കും തൃശൂര്‍ എത്തി. പിന്നെ ലക്ഷ്മണന്റെ ചിന്ത മാറുകയും തെറ്റായ ചിന്ത വന്നതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടാവുകയും ചെയ്തു. പക്ഷെ ഇത് മനസ്സിലായ രാമന്‍ ലക്ഷ്മണനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ‘ഞാന്‍ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നുമായിരുന്നു രാമന്‍ പറഞ്ഞത്’
പ്രയോഗം വിവാദമായതോടെ കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയാണ് ഉദ്ദേശിച്ചതെന്ന് ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു. വള്ളത്തോൾ കവിത ഉദ്ദരിച്ച് കൊണ്ട് ബഹിഷ്കരിക്കേണ്ട പ്രയോഗമാണ് കെ സുധാകരൻ്റേത് എന്ന് മന്ത്രി വി എൻ വാസവൻ കുറിച്ചു.


