യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷം ഒപ്പം താമസിച്ചിരുന്ന കൂട്ടുകാരനിലേക്ക്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അര്‍ഷാദിൻ്റെ ബന്ധു വീടുകളില്‍ പോലീസ് വ്യാപക പരിശോധന തുടങ്ങി.
ഇയാളുടെ ഫോണ്‍ ഇന്നലെ വൈകിട്ട് മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവം വാർത്തയായതോടെയാണ് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിന് സമീപം ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)ന്റെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്ത ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം.
സജീവിന് കൂടെ ഉണ്ടായിരുന്ന അർഷാദ് മുങ്ങിയത് എന്തിന്
ഇൻഫോ പാർക്കിന് സമീപം സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ സജീവിൻ്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്.
ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു.
സംശയം തോന്നി ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.
കേസിൽ കൂടുതൽ ദുരൂഹത ആരോപിക്കുന്നുണ്ട്. സജീവിൻ്റെ ശരീര പ്രകൃതിയുള്ള ഒരാളെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുക എളുപ്പമല്ല. മാത്രമല്ല മൃതദേഹം പൈപ്പ് ഡെക്റ്റിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് ഒരാൾക്ക് എളുപ്പമല്ല എന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കാനും ശ്രമം നടന്നു.
ഫ്ലാറ്റിലെ 16 ാം നിലയിലാണ് സംഭവം. ഇവിടെ വന്നവരുടെയും പോയവരുടെയും സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കയാണ്.


