കേരള ഹൈക്കോടതി കൊച്ചിയിൽ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. ഹൈക്കോടതി ഭരണസമിതിയുടെ തീരുമാന പ്രകാരമാവും മാറ്റം സംബന്ധിച്ച തീരുമാനങ്ങൾ. കൊച്ചി നഗരത്തിന് വടക്കാണ് കളമശ്ശേരി മുനിസിപ്പാലിറ്റി പ്രദേശം. കുസാറ്റ്, എച്ച് എം ടി പോലുള്ള സ്ഥാപനങ്ങൾ ഇവിടയൊണ്.
മംഗള വനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹൈക്കോടതി സമുച്ചയം സ്ഥലപരിമിതി മൂലം കുരുങ്ങിയ അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണമുണ്ട്.
ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്. കളമശേരി എച്ച്എംടിക്ക് സമീപത്താണ് 27 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതി ഭരണ സമിതി തീരുമാനം വരുന്നതോടെ നിർമ്മാണം തുടങ്ങാം. ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാർ എന്നിവർ നേരിട്ട് എത്തി ഈ പ്രദേശം പരിശോധിച്ചിരുന്നു.


