കേരളത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങളാൽ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നു. ഇത്തരത്തിൽ മണപ്പെടുന്നത് കൂടുതലും യുവാക്കളാണെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. മലയാളിയുടെ ഉയർന്ന ജീവിത സമ്മർദ്ദവും ഭക്ഷണപാനീയ ശീലങ്ങളിലെ ശ്രദ്ധയില്ലായ്മയും പ്രധാന വില്ലനാവുകയാണ്.
മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളികളുടെ കൊളസ്‌ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായും പഠനമുണ്ടായി.
25 ശതമാനം 40 വയസിന് താഴെയുള്ളവർ
പുതുതായി ഹൃദ്രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനത്തോളം പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്. 1970കളില്‍ 40 വയസ്സില്‍ താഴെ ഹൃദ്രോഗം അപൂര്‍വമായിരുന്നു. പുതിയ ഹൃദ്രോഗികളില്‍ 50 ശതമാനം പേരും 50 വയസില്‍ താഴെയുള്ളവരാണ്.
ഹൃദ്രോഗം സംബന്ധിച്ച് ഗവേഷണത്തിലേര്‍പ്പെട്ട സന്നദ്ധ സംഘടനയായ കൊറോണറി ആര്‍ട്ടെറി ഡിസീസ് എമംങ് ഏഷ്യന്‍ ഇന്ത്യന്‍സ് (കഡായ്) നടത്തിയ പഠനത്തിലാണ് കേരളത്തെ ആശങ്കയിലാഴ്ത്തുന്ന കണക്കുകൾ
30 വയസ്സ് എത്തും മുമ്പുതന്നെ കൊളസ്‌ട്രോള്‍ രോഗികളാകുന്നവരുടെ എണ്ണവും 14 വയസ്സ് എത്തും മുമ്പേ അമിത വണ്ണത്തിന് അടിപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ആയുസിൽ മുന്നിൽ, പക്ഷെ മരണകാരിയാവുന്നത് ഹദ്രോഗം
മലയാളിയുടെ ശരാശരി പ്രതീക്ഷിത ആയുസ് 75 വയസാണ്. ഇന്ത്യയിലെ ദേശീയ ശരാശരി 64 വയസാണ്. മലയാളി 11 വര്‍ഷം കൂടുതൽ ജീവിക്കുന്നു. സമ്പന്ന രാജ്യമായ അമേരിക്കയുടെ ശരാശരി ആയുസ്സ് 78 ആണ്. മലയാളിയുടെ പ്രതീക്ഷിത ആയുസ്സിന്റെ വലുപ്പം വ്യക്തമാവുക സമ്പന്ന രാജ്യവുമായുള്ള ഈ താരതമ്യത്തിലാണ്.
ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, സുരക്ഷ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാനദണ്ഡമാക്കുന്നത് പ്രതീക്ഷിത ആയുസാണ്. കേരളത്തിന്റെ വികസന മാതൃകയും ജീവിത നിലവാരവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഹൃദ്രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ഈ നേട്ടങ്ങളെയൊക്കെ തകിടം മറിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊഴുപ്പ് കൂടിയ ശീലങ്ങൾ, അമിതവണ്ണം, അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്ക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ചെറുപ്പക്കാരെ ഹൃദ്രോഗികളാക്കുന്നത്.
സംസ്ഥാനത്ത് ഹൃദ്രോഗം മൂലം മരിക്കുന്ന പുരുഷന്‍മാരില്‍ 60 ശതമാനവും 65 വയസിന് താഴെയുള്ളവരാണ്. സ്ത്രീകളില്‍ 40 ശതമാനമാണ് 65 വയസിനു താഴെയുള്ളവർ. അമേരിക്കയില്‍ ഇത് 18 ശതമാനം മാത്രമാണ്.
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവക്ക് പുറമേ മാംസ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുണ്ട്. യുവത്വത്തിൽ ഇവയെല്ലാം കഴിക്കുന്നത് സാധാരണമാണ് എങ്കിലും വ്യായാമമില്ലായ്മ ഇതിനൊപ്പം അപകടം കൊണ്ടു വരുന്നു.
മറികടക്കുന്നത് എങ്ങിനെ
വെറുതെ ചികിത്സിക്കുക. എന്തു വന്നാലും മരുന്ന് ഉപയോഗിച്ച് മാറ്റാം എന്ന ധാരണ പുലർത്തുക എന്നതും അപകടകരമാണ്. ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക പ്രധാനമാണ്. ഇവയിൽ പ്രധാനമാണ് വ്യായാമം. നടത്തവും ഓട്ടവും നീന്തലും വീട്ട് ജോലികൾ വരെ ഇതിന് പ്രയോജനപ്പെടുത്താം. അടിക്കലും തുടക്കലും ചെറിയ കാർഷിക പ്രവർത്തിയും എല്ലാം വ്യായാമത്തിലേക്ക് ചേർക്കപ്പെടും.


