കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര മയക്കു മരുന്നു സംഘത്തിലെ കണ്ണിയായി ഇയാളെ കോഴിക്കോട് നടക്കാവ് പൊലീസാണ് കീഴ്പ്പെടുത്തിയത്.
കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന നൈജീരിയൻ സംഘത്തിലെ പ്രധാനിയായ ചാൾസ്, മാസങ്ങളായി ബംഗളൂരുവിൽ തങ്ങുകയായിരുന്നു. ബംഗളൂരുവിൽ അന്വേഷകരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ ഇയാളെ തോക്കു ചൂണ്ടി കീഴ്പ്പെടുത്തുകയായിരുന്നു. നവംബറിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ അന്വേഷണത്തിലാണ് അറസ്റ്റ്. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. നേരത്തെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ചാൾസ്.
ഇയാളുടെ ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാളിൽ നിന്ന് 58 ജി എം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് വിദേശത്തുനിന്ന് മയക്കുമരുന്നെത്തിക്കുന്ന മൂന്നുപേരെയും തന്ത്രപരമായി പൊലീസ് കുടുക്കി. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദേശ പൗരനായ ഘാന സ്വദേശിയായ വിക്ടർ ഡി സാംബെയെയും കീഴ്പ്പെടുത്തി. ഉറവിടം കണ്ടെത്താനുളള അന്വേഷണത്തിലാണ് ചാൾസിലേക്കെത്തിയത്.
കർണാടകത്തിൽ മയക്കുമരുന്ന് കേസിൽ ഈയിടെയാണ് ചാൾസ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ രണ്ട് വിദേശ പൗരന്മാരുൾപ്പെടെ ആറുപേരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. 262 ഗ്രാം എം ഡി എം എ യും 2 വാഹനങ്ങളും കണ്ടെടുത്തു. ഈ ശൃംഘലയിൽ തമിഴ്നാട്, കർണാടക ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.


