ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയിൽ തുടരുമെന്ന് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളിൽ പുരോഗതി കാണുന്നതിനാൽ തെരുവിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് സാക്ഷി മലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവർ പറഞ്ഞു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, ,ലോക ചാംപ്യൻഷിപ്പ് എന്നിവയ്‌ക്കുള്ള പരിശീലന ക്യാമ്പ് തുടങ്ങിയ സാഹചര്യത്തിലാണ് താരങ്ങൾ.
കുറ്റപത്രത്തിൽ പൊലീസ് വെള്ളം ചേർത്തതോടെ വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കട്ടേയെന്ന് ബ്രിജ്‌ഭൂഷൺ തിങ്കളാഴ്‌ച വീണ്ടും വെല്ലുവിളി ആവർത്തിച്ചു. പോക്സോ കേസിൽ ഉൾപ്പെടെ പൊലീസ് ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന തരത്തിൽ കുറ്റപത്രം സമർപ്പിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് അവരുടെ മത്സര രംഗത്തേക്ക് തിരിച്ച് എത്തേണ്ട സാഹചര്യവും വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പോക്സോ പരാതിയിൽ നിന്നും പ്രായപൂർത്തിയാവാത്ത താരത്തിൻ്റെ രക്ഷിതാക്കൾക്ക് പിൻമാറേണ്ടി വന്ന സാഹചര്യം ഉണ്ടായത്.
ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതും ഫെഡറേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മുൻനിർത്തിയാണ് പ്രത്യേക്ഷ സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ. കേന്ദ്രം നൽകിയ ഉറപ്പുകളെയാണ് ഇതിന് താരങ്ങൾ ആശ്രയിക്കുന്നത്. ചാംപ്യൻഷിപ്പ് ട്രയലുകൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് താരങ്ങൾ തിങ്കളാഴ്‌ച ആവശ്യപ്പെട്ടു. ബജ്‌റംഗ് പുനിയ , സാക്ഷി മലിക് , സത്യവർത്ഥ് കഠിയാൻ, സംഗീത ഫോഗട്ട് , ജിതേന്ദർ കുമാർ , വിനേഷ് ഫോഗട്ട് എന്നിവരാണ് കത്തുനൽകിയത്.
സെപ്‌റ്റംബറിലാണ് ഏഷ്യൻ ഗെയിംസ്. ആറുമാസത്തോളമായി സമരമുഖത്തായിരുന്നതിനാൽ കായികക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന് താരങ്ങൾ വ്യക്തമാക്കി. താരങ്ങളുടെ ഐക്യം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും അറിയിച്ചു.


