കോയമ്പത്തൂര് സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്നും 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തുവെന്ന് എഫ്ഐആറിൽ പറയുന്നു. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം സ്ഫോടനത്തിനും സിആർപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിനുമാണ് ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, ഫ്യൂസ് വയർ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ എന്നിവയടക്കം 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തുവെന്നും എഫ്ഐആറിൽ പറയുന്നു. കസ്റ്റഡിയിലുള്ള അഞ്ച് പേരുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയുടെ ഭാരവാഹി അബ്ദുൽ ഖാദർ, മേലപ്പാളയം സ്വദേശിയായ മുഹമ്മദ് ഹുസൈൻ എന്ന മറ്റൊരാൾ എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സ്ഫോടകവസ്തുക്കളുണ്ടാക്കാനുള്ള അസംസ്കൃത പദാർത്ഥങ്ങൾ ഓർഡർ ചെയ്യാൻ ഉപയോഗിച്ചത് അറസ്റ്റിലായ ആറാമൻ അസ്ഫർ ഖാന്റെ ലാപ്ടോപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടുതൽ ഗാഡ്ഗെറ്റുകൾ ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ അനുബന്ധ കേസുകളും രജിസ്റ്റർ ചെയ്യും.


