കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി കമ്മീഷണർ വി ബാലകൃഷ്ണൻ. അഞ്ചു പേർക്ക് എതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പത്ത് തവണ കൈമറിഞ്ഞെത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂർ ജി.എം.നഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്.എ.ബാഷയുടെ സഹോദരപുത്രനാണ്.
സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഒരു ഐസിസ് ഉപഗ്രൂപ്പുമായി ജമേഷയും സംഘവും അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന സൂചനയും പൊലീസ് പങ്കു വെക്കുന്നു. ജമേഷ മുബീന്റെ വീട്ടിൽ നിന്ന് ബോംബ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുശേഖരം കണ്ടെത്തിയിരുന്നു.
സ്ഫോടനം ദീപാവലി ദിനത്തിൽ
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.
ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ തത്സമയം മരിച്ചിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.


