കോഴിക്കോട്ടെ പ്രസിദ്ധമായ ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ കൂടിയായ ബാലേട്ടൻ എന്നറിയപ്പെട്ട ഇദ്ദേഹം മലയാള പുസ്തക പ്രസാധന മേഖലയിലെ ജീവിത മാതൃകയായി അറിയപ്പെടുന്നു.
പുസ്തകങ്ങൾ വാങ്ങി കാൽ നടയായും സൈക്കിളിലും വില്പന നടത്തിയാണ് ടൂറിങ് ബുസ്റ്റാളിൻ്റെ തുടക്കം. പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി.
പുസ്തക വില്പനയ്ക്കായി ഫാറൂഖ് കോളേജ് വരെയും മാവൂര്‍വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് ‘കണ്ണീരിന്റെ മാധുര്യം’ എന്ന ആത്മകഥയില്‍ മാരാര്‍ രേഖപ്പെടുത്തുന്നുണ്ട്.
1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം.
ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന് മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വില്‍പ്പന.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.
ഭാര്യ: സരോജം. മക്കള്‍: എന്‍ ഇ മനോഹര്‍, ഡോ അനിത.
മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്.


