കോഴിക്കോട് മെഡിക്കല്‍ കോളിജ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഭാര്യയുടെ കൂടെ വന്ന യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണം ആശുപത്രിയിലെ മാതൃ,ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കാരുടെ പീഡനം മൂലമാണെന്ന് കുടുംബം പരാതിപ്പെട്ടു.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിശ്വനാഥനെ ജീവനക്കാർ ചോദ്യം ചെയ്യുകയും അപമാനിക്കയും ചെയ്തു. പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും വിശ്വനാഥൻ്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസികപ്രയാസമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു.
ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


