സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച് സ്വകാര്യ കമ്പനികള്‍.
ഇതോടെ രണ്ടു വാക്‌സിന്‍ ഡോസുകളും 225 രൂപാവീതം നിരക്കില്‍ ലഭ്യമാകും. കോവിഷീല്‍ഡിന്റെ വില 600 രൂപയില്‍നിന്നാണ് 225-ല്‍ എത്തിയതെങ്കില്‍ 1,200 രൂപയില്‍നിന്നാണ് കൊവാക്‌സിന്റെ വില 225 ആയി കുറഞ്ഞത്.
കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാര്‍ പൂനാവാല, കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര എല്ല എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് നീക്കം.
നാളെ(ഏപ്രില്‍ 10) മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പതു മാസം പൂര്‍ത്തിയായവര്‍ക്കാണ് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടാവുക.
അറുപതു വയസ്സു കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. 18 വയസ്സു പൂര്‍ത്തിയായ മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കിവേണം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍.